ഗാനഗന്ധര്‍വനൊപ്പം വിദ്യാസാഗര്‍ വീണ്ടും ഒന്നിക്കുന്നു; ഇത്തവണ വയനാടിന്റെ കണ്ണീരൊപ്പാൻ 

 

വയനാടിന്റെ കണ്ണീരൊപ്പാൻ സംഗീത സംവിധായകൻ വിദ്യാസാഗറും ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ചേര്‍ന്നൊരുക്കുന്ന പാട്ടിലൂടെ വയനാടിന് സഹായഹസ്തമേകുകയാണ് ലക്ഷ്യം. വയനാട് ഇതിവൃത്തമാക്കി ഗാനരചയിതാവ് റഫീഖ് അഹമ്മദ് രചന നിര്‍വഹിച്ചിരിക്കുന്ന ഗാനം വിദ്യാസാഗറിന്റെ ഈണത്തില്‍ യേശുദാസ് ആലപിക്കും. തുടര്‍ന്ന് ആ ഗാനം വിദ്യാസാഗറിന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യും. തുടര്‍ന്ന് ആ പാട്ടിന് യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണമായും വയനാടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനുവേണ്ടി ഉപയോഗിക്കുമെന്ന് വിദ്യാസാഗര്‍ പറഞ്ഞു. തന്നെയും തന്റെ പാട്ടിനെയും എക്കാലവും സ്നേഹിച്ചിട്ടുള്ള മലയാളികളോടുള്ള കടപ്പാടിന്റെ ഭാഗമായാണ് ഇത്തരമൊരു ഉദ്യമമെന്നും വിദ്യാസാഗര്‍ പറഞ്ഞു. 12 വര്‍ഷത്തിനു ശേഷമാണ് യേശുദാസും വിദ്യാസാഗറും ഒന്നിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ വൈഢ്യൂര്യമായിരുന്നു ഇവരുടെ അവസാന ചിത്രം. 1998-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ആല്‍ബം തിരുവോണ കൈനീട്ടത്തിനുശേഷം ആദ്യമായാണ് ഇരുവരും ഒരു ചലച്ചിത്രേതര ഗാനം ഒരുക്കുന്നത് എന്ന പ്രത്യേകതയും ഈ ഉദ്യമത്തിനു പിന്നിലുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page