തിരുവനന്തപുരം: കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ സംസ്ഥാനത്തും പ്രതിഷേധം ശക്തമാക്കും. യുവ ഡോക്ടര്‍മാര്‍ നാളെ ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിച്ച് സമരം ചെയ്യും. സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് പിജി ഡോക്ടര്‍മാരും സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരുമാണ് സമരം ചെയ്യുന്നത്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണം, യുവ ഡോക്ടറുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണമെന്നുമാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യം. എന്നാല്‍ അത്യാഹിത വിഭാഗങ്ങളില്‍ സേവനം ഉണ്ടാകും. ജോയിന്റ് ആക്ഷന്‍ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തില്‍ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്. പ്രതിഷേധ സൂചകമായി നാളെ കരിദിനമായി ആചരിക്കും. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടര്‍മാരും സമരത്തിന്റെ ഭാഗമാകും. ഇതിനോടനുബന്ധിച്ച് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു. അക്രമത്തെ അപലപിച്ച് ഐഎംഎയും രംഗത്തെത്തി. അധികൃതരുടെ ആവര്‍ത്തിച്ചുള്ള അനാസ്ഥ കാരണമാണ് അക്രമമുണ്ടായത്. ഐഎംഎ തുടര്‍ സമര പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.