ആലപ്പുഴ: ചേര്‍ത്തല പാണാവള്ളിയിലെ അവിവാഹിതയായ യുവതി പ്രസവിച്ച ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ റിമാന്‍ഡിലായിരുന്ന രണ്ടുപ്രതികളെ അഞ്ചുദിവസത്തേക്ക് പൂച്ചാക്കല്‍ പൊലീസ് കസ്റ്റഡിയില്‍
വാങ്ങി. രണ്ടാംപ്രതി തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്തും മൂന്നാംപ്രതിയുമായ തകഴി കുന്നുമ്മ ജോസഫ് ഭവനില്‍ അശോക് ജോസഫ് (30)എന്നിവരെയാണ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയത്. ആനമൂട്ടില്‍ച്ചിറ ഡോണാ ജോജി(22)യുടെ കുഞ്ഞിനെയാണ് തകഴി കുന്നുമ്മ കൊല്ലനാടി പാടശേഖരത്തിന്റെ പുറംബണ്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. പ്രസവിച്ച ശേഷം കരച്ചില്‍ മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കാന്‍ കുഞ്ഞിനെ യുവതി സൂക്ഷിച്ചത് പാരപ്പറ്റിലും പടികള്‍ക്കും ഇടയില്‍. പ്രസവിച്ചശേഷമാണ് സുഹൃത്തായ തോമസ് ജോസഫിനെ വിളിച്ചുവരുത്തിയത്. അന്ന് രാത്രിയിലാണ് കാമുകനെത്തിയത്. പൊക്കില്‍ കൊടി മുറിക്കല്‍ ഉള്‍പ്പെടെയുള്ള ശുശ്രൂഷകള്‍ ഡോണ സ്വന്തമായാണ് ചെയ്തത്. അര്‍ധരാത്രി വരെ കുഞ്ഞ് കരഞ്ഞിട്ടും മുലയൂട്ടിയില്ല. പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് കാമുകന് കൊടുത്തയച്ചു. കൊടുത്തയക്കും വരെയും കുഞ്ഞിന് ജീവനുണ്ടായിരുന്നുവെന്നാണ് വിവരം. കുഞ്ഞിനെ കാമുകനും സുഹൃത്തും ചേര്‍ന്ന് അമ്പലപ്പുഴ തകഴി പാടശേഖരത്തിലെ പുറംബണ്ടിനോട് ചേര്‍ന്ന സ്ഥലത്ത് മറവ് ചെയ്തു. അടുത്തദിവസം വയറുവേദന കലശലായതിനെ തുടര്‍ന്നു ഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതുവരെയും പ്രസവിച്ച കാര്യം വീട്ടുകാര്‍ക്കുപോലും അറിയില്ലായിരുന്നു. പരസ്പര വിരുദ്ധമായ മൊഴിയെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്. രാജസ്ഥാനിലെ പഠനസമയത്താണ് തോമസ് ജോസഫും ഡോണയും പ്രണയത്തിലായത്. ഫോറന്‍സിക് സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ഡോണ. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു തോമസ്. തിരുവനന്തപുരത്ത് ഹോട്ടലില്‍ പരിശീലനം ചെയ്യുമ്പോഴും പ്രണയം തുടര്‍ന്നു. പിന്നീടാണ് ഗര്‍ഭിണിയായത്. കുഞ്ഞിന്റെ മരണം കൊലപാതകമാണോയെന്നറിയാന്‍ മൃതദേഹത്തിന്റെ രാസപരിശോധനാഫലം വരണം.
ഡോണ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാനഡയില്‍ ജോലിക്കുപോകാനുള്ള ശ്രമത്തിലായിരുന്നു തോമസ് ജോസഫും ഡോണാ ജോജിയും.