കൊച്ചി : മലയാളത്തിന്റെ എവർക്ലാസിക്ക് ‘മണിച്ചിത്രത്താഴ്’ വീണ്ടും തിയേറ്ററുകളിലേക്ക്. പ്രേക്ഷകർ പലതവണ കണ്ട് ആസ്വദിച്ച ചിത്രം ഓഗസ്റ്റ് 17ന് റീ റിലീസിനെത്തുമ്പോൾ ഏറ്റവും മികച്ച ദൃശ്യ വിരുന്നാണ് നിർമ്മാതാക്കൾ ഉറപ്പു നല്‍കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരുന്നു. രണ്ട് മിനിറ്റ് 38 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കോളിവുഡിൽ നിരന്തരമായി സിനിമകൾ റീ റീലീസ് ചെയ്യപ്പെട്ടിരുന്നു. ഇതിൽ വിജയ് നായകനായ ഗില്ലി ബോക്സോഫീസിവിനെ തന്നെ അമ്പരിപ്പിച്ച കളക്ഷനാണ് നേടിയത്. ഇതുപോലെ കേരളത്തിലും ഈ ട്രെൻഡ് കടന്നു വന്നു കൊണ്ടിരിക്കുകയാണ്. മോഹൻലാലിൻറെ ദേവദൂതനും റീ റിലീസ് പിന്നാലെ ഇപ്പോഴിതാ മണിച്ചിത്രത്താഴും തേന്മാവിൻ കൊമ്പത്തും റിലീസിന് തയ്യാറായി നിൽക്കുകയാണ്. 1993 ഡിസംബർ 25ന് ഫാസിലിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് 31 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിൽ പുത്തൻ സാങ്കേതിക മികവോടെ എത്തുന്നതിന്‍റെ ആകാംക്ഷയിലാണ് ആരാധകർ. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്‍റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.