കാസര്‍കോട്: പാണത്തൂര്‍ കല്ലപ്പള്ളി മേഖലയില്‍ വീണ്ടും പുലിയിറങ്ങി. വീടിനു സമീപത്തെ ഷെഡില്‍ കെട്ടിയിട്ട പട്ടിയെ പുലി അക്രമിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചു. കല്ലപ്പള്ളി രംഗത്തുമല നരിമറ്റം ബിജുവിന്റെ പട്ടിയെയാണ് പുലി ആക്രമിച്ചത്. ചങ്ങലയില്‍ കെട്ടിയിട്ടതിനാല്‍ പുലിക്ക് പട്ടിയെ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാത്രി രണ്ടുമണിയോടെയാണ് പുലി എത്തിയത്. പട്ടിയുടെ കുര കേട്ട വീട്ടുകാര്‍ പുറത്തിറങ്ങി ശബ്ദം ഉണ്ടാക്കിയപ്പോള്‍ പുലി ഓടിപ്പോകുന്നതാണ് കണ്ടത്. പിന്നീട് ലൈറ്റടിച്ച് നോക്കിയപ്പോള്‍ കുറച്ചകലെയായി പുലിയെ കണ്ടതായി വീട്ടുകാര്‍ പറയുന്നു. ഒരാഴ്ച മുമ്പും കല്ലപ്പള്ളിയിലെ ഭീരു ദണ്ഡില്‍ ഭരതിന്റെ വീട്ടില്‍ നിന്ന് പട്ടിയെ പുലി പിടിച്ചിരുന്നു. തുടര്‍ന്ന് വനം വകുപ്പധികൃതര്‍ സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചിരുന്നു. എങ്കിലും പുലിയുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ച്ചയായി കല്ലപ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.