വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപ ധനസഹായം; വാടകവീടിന് പ്രതിമാസം 6000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപ ധനസഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുന്നതിനു പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ കൂടി ചേര്‍ത്താണ് ആറ് ലക്ഷം രൂപ ലഭിക്കുകയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും 60 ശതമാനത്തില്‍ അധികം വൈകല്യം ബാധിച്ചവര്‍ക്ക് 75,000 രൂപ വീതവും 40% മുതല്‍ 60% വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപ വീതവും, സി എം ഡി ആര്‍ എഫില്‍ നിന്നും അനുവദിക്കുവാന്‍ തീരുമാനിച്ചു.
ദുരന്തത്തില്‍ കാണാതായ വ്യക്തികളുടെ ആശ്രിതര്‍ക്കും സഹായം നല്‍കേണ്ടതുണ്ട്. ഈ വിഷയത്തില്‍ പെട്ടിമുടി ദുരന്തത്തില്‍ കാണാതായവരുടെ കാര്യത്തില്‍ പുറപ്പെടുവിച്ചതുപോലെ പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പട്ടിക തയ്യാറാക്കി പ്രസിദ്ധികരിക്കും. അത് അടിസ്ഥാനപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും.
ദുരന്തബാധിതരായി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വാടകവീടുകളിലേക്ക് മാറുന്നതിനായി വാടക ഇനത്തില്‍ പ്രതിമാസ തുക അനുവദിക്കാന്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപവരെയാണ് വാടക ഇനത്തില്‍ നല്‍കുക. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും വാടക ഇനത്തില്‍ പ്രതിമാസം ഇതു ലഭിക്കും. സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടക ലഭിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡി.എന്‍.എ പരിശോധനയുടെ അടിസ്ഥാനത്തില്‍ 118 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നല്‍കി താല്‍ക്കാലിക പുനരധിവാസം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാടക വീടുകളും പുനരധിവാസത്തിന് കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നൂറോളം കെട്ടിടങ്ങളാണ് ഇതുവരെ ലഭ്യമായത്. വിവിധ തദ്ദേശസ്വയം ഭരണസ്ഥാപന പരിധികളിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 253 കെട്ടിടങ്ങള്‍ വാടക നല്‍കി ഉപയോഗിക്കാനായി കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ നൂറോളം വീട്ടുടമസ്ഥര്‍ വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page