കാസർകോട്: ഏറെ വിവാദം ഉണ്ടാക്കി പാർട്ടിക്ക് തലവേദനയായി മാറിയ മദ്യശാല ചെറുവത്തൂരിന് നഷ്ടമാകില്ല. സിപിഎം നേതൃത്വത്തിന്റെ അനുമതിയോടെ വീണ്ടും മദ്യശാല വരും കൺസ്യൂമർഫെഡ് മദ്യശാല തുറന്നതിനു പിന്നാലെ പൂട്ടിയ അതേ കെട്ടിടത്തിൽ തന്നെ ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് തുടങ്ങാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞു. ഉടമ മാധവൻ നായരുമായി കരാറും ഉറപ്പിച്ചു സമ്മതപത്രം വാങ്ങി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ ഇടതു മുന്നണിക്കേറ്റ കനത്ത തിരിച്ചടിക്കു മദ്യശാല വിവാദവും കാരണമായതായി പാർട്ടി നേതൃത്വം വിലയിരുത്തിയിരുന്നു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ ചെറുവത്തൂർ പഞ്ചായത്ത് ഭരണം സിപിഎമ്മിനു നഷ്ടമാകുമെന്ന ഭയം വന്നതോടെയാണ് പാർട്ടിയുടെ പുതിയ നീക്കമെന്നാണ് സൂചന.
മദ്യശാല തുടങ്ങുന്നതിനു മുന്നോടിയായി പൊയിനാച്ചി, ബട്ടത്തൂരിലെ ബിവറേജ് കോർപ്പറേഷൻ്റെ വെയർഹൗസ് ഗോഡൗണിൽ നിന്നുള്ള ഉദ്യോഗസ്ഥർ ചെറുവത്തൂരിലെ കെട്ടിട ഉടമയുമായി ചർച്ച നടത്തിയതായി അറിയുന്നു. സിഐടിയു ചുമട്ടു തൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ, വ്യാപാരികൾ, പാർട്ടി അനുഭാവികൾ തുടങ്ങിയവരാണ് മദ്യശാല മാറ്റുന്നതിനെതിരെ ആറുമാസം മുമ്പ് സമരം നടത്തിയത്. പാർട്ടിക്കെതിരെ നിരവധി ഫ്ലക്സുകളും ഉയർന്നുവന്നിരുന്നു. ചെറുവത്തൂരിൽ നിന്ന് ഒരിക്കലും മദ്യശാല എവിടേക്കും മാറ്റില്ല എന്ന സി പി എം ജില്ലാ സെക്രട്ടറിയുടെ ഉറപ്പിന്മേലാണ് അന്ന് സമരം പിൻവലിച്ചത്. എന്നാൽ വാക്ക് പാലിക്കാൻ പിന്നീട് പാർട്ടിക്ക് കഴിഞ്ഞില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ വോട്ട് ചോർച്ചയാണ് ഇതിന്റെ പേരിൽ ചെറുവത്തൂരിൽ പാർട്ടിക്ക് സംഭവിച്ചത്. മദ്യ വില്പന കേന്ദ്രം പൂട്ടിയതുമായി ബന്ധപ്പെട്ട വിഷയം ബ്രാഞ്ച് തലങ്ങളിൽ വരെ ചർച്ച ചെയ്യപെട്ടിരുന്നു. ഇതോടെയാണ് പിണങ്ങി നിൽക്കുന്ന അണികളെയും അനുഭാവികളെയും അനുനയിപ്പിക്കാൻ മദ്യശാല വീണ്ടും കൊണ്ടുവരാൻ പാർട്ടി അനുമതി നൽകിയത്. ഒരു മാസത്തിനുള്ളിൽ തന്നെ മദ്യശാല തുറക്കും എന്നാണ് ലഭിക്കുന്ന വിവരം.