കാസർകോട് : നീലേശ്വരം ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച യുവാവിനെ മണിക്കൂറുകൾക്കകം പൊക്കി നീലേശ്വരം പൊലീസ്. തൃശൂർ ചിരനല്ലൂർ സ്വദേശി അബ്ദുൽ ഹമീദിനെയാണ് വടകര പൊലീസിന്റെ സഹായത്തോടെ നീലേശ്വരം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് നീലേശ്വരം മാർക്കറ്റിൽ വച്ച് കദളിക്കുളത്തെ വിഷ്ണുമനോഹറിന്റെ ജൂപീറ്റർ സ്കൂട്ടർ മോഷണം പോയത്. പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് സിസി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. സംസ്ഥാനത്തെ മുഴുവൻ സ്റ്റേഷനുകളിലും വിവരങ്ങൾ കൈമാറി. വാഹനപരിശോധനകൾ കർശനമാക്കി. തുടർന്ന് നീലേശ്വരം പൊലിസ് വടകര പൊലീസിന്റെ സഹായത്തോടെ മോഷ്ടാവിനെ വലയിലാക്കുകയായിരുന്നു. പ്രിൻസിപ്പൽ എസ് ഐ വിഷ്ണു പ്രസാദിന്റെ മേൽനോട്ടത്തിൽ സബ്ബ് ഇൻസ്‌പെക്ടർ മധുസൂദനൻ മടിക്കൈയും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പുലർച്ചയോടെ നീലേശ്വരത്തു എത്തിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു തെളിവുകൾ ശേഖരിച്ച ശേഷം കോടതിയിൽ ഹാജരാക്കും.