കാസര്‍കോട്: കുമ്പള സിഎച്ച്‌സി റോഡില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാക്കള്‍ മോഷ്ടാക്കളെന്ന് പൊലീസ്. പെരിയടുക്കയിലെ അന്‍സാര്‍ (26), മധൂര്‍ കെ.കെ പുറത്തെ ബി ഉസ്മാന്‍ (28), ഉളിയത്തടുക്ക, നാഷണല്‍ നഗറിലെ അഷ്റഫ് (28) എന്നിവരെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിച്ചത്. കുമ്പള, സി.എച്ച്.സി റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ കറങ്ങി നടക്കുകയായിരുന്നു മൂന്നു പേരും. പ്രദേശത്തെ കെബി അബ്ബാസിന്റെ വീട്ടില്‍ കവര്‍ച്ച നടത്താനായിരുന്നു സംഘം എത്തിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ വീടിന്റെ കാര്‍പോര്‍ച്ചില്‍ ഒളിക്കുകയായിരുന്നു. അപ്പോഴാണ് റോഡില്‍ ക്രിക്കറ്റ് കളി കഴിഞ്ഞ് നാട്ടുകാര്‍ വരുന്നതായി ശ്രദ്ധയില്‍പെട്ടത്. ഇത് കണ്ട മോഷ്ടാക്കള്‍ വീടിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് നാട്ടുകാര്‍ പിടികൂടി തടഞ്ഞുവച്ചത്. പിന്നീട് പൊലീസിന് കൈമാറി. കുമ്പള എസ്‌ഐ വികെ വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളെ അറസ്റ്റുചെയ്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണത്തിനെത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചത്. പിടിയിലായ ഉസ്മാനെതിരെ അടിപിടി, കബളിപ്പിക്കല്‍ അടക്കം ഏഴുകേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്‍സാറിനെതിരെ നരഹത്യാശ്രമം, മുക്കുപണ്ട പണയ തട്ടിപ്പ് തുടങ്ങി ആറോളം കേസ് നിലവിലുണ്ട്. അശ്രഫിനെതിരെയും അഞ്ചുകേസുകളുണ്ട്. കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്തു.