ചേര്‍ത്തലയില്‍ അസ്വാഭാവികമായി യുവതി മരണപ്പെട്ട സംഭവത്തില്‍ മരണകാരണം തുമ്പപ്പൂ തോരന്‍ കഴിച്ചതല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചേര്‍ത്തല 17-ാം വാര്‍ഡ് ദേവി നിവാസിലെ ജയാനന്ദന്റെയും മീരാഭായിയുടെയും മകളായ ഇന്ദു (42) ആണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നത്.
ഇന്ദുവും മറ്റു കുടുംബാംഗങ്ങളും വ്യാഴാഴ്ച രാത്രി തുമ്പ ചെടികൊണ്ടുള്ള തോരന്‍ കഴിച്ചിരുന്നു. പിന്നാലെ ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി എന്നാണ് വീട്ടുകാര്‍ പറയുന്നത്. ആദ്യം ചേര്‍ത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാ ഫലവും പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. എന്നാല്‍ യുവതിയുടെ മരണകാരണം തുമ്പപ്പൂ തോരന്‍ കഴിച്ചതല്ല എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. ബുദ്ധിവൈകല്യവും ശാരീരിക അവശതയും നേരിട്ടിരുന്ന യുവതിയ്ക്ക് ഒട്ടേറെ രോഗങ്ങള്‍ ഉണ്ടായിരുന്നതായും ഇതിന്റെ ഭാഗമായാകാം മരണമുണ്ടായതെന്നുമാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്. തുമ്പപ്പൂ തോരന്‍ കഴിച്ചു എന്ന് പറയുന്ന വീട്ടിലെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാത്തതും പൊലീസ് പ്രത്യേകം വിലയിരുത്തിയിട്ടുണ്ട്. രാസപരിശോധന ഫലവും വന്നശേഷം കൂടുതല്‍ സ്ഥിരീകരണം ഉണ്ടാകുമെന്നും ചേര്‍ത്തല പൊലീസ് പറഞ്ഞു.