മുണ്ടക്കൈയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി. കനത്ത മഴയില്‍ തിരച്ചില്‍ നടത്തുക ദുഷ്‌കരമായതിനാലാണ് തിരച്ചില്‍ നിര്‍ത്തിയത്. അതേസമയം ഇന്നത്തെ ജനകീയ തിരച്ചിലില്‍ മൂന്നു ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ജനകീയ തെരച്ചിലില്‍ മൂന്ന് ശരീരഭാഗങ്ങള്‍ കിട്ടിയതായി അധികൃതര്‍ അറിയിച്ചു. പരപ്പന്‍പാറയില്‍ സന്നദ്ധ പ്രവര്‍ത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. പരപ്പന്‍പാറയിലെ പുഴയോട് ചേര്‍ന്നുള്ള ഭാഗത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങളും പരപ്പന്‍ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗവുമാണ് കണ്ടുകിട്ടിയത്.
പരപ്പന്‍പാറയില്‍ സന്നദ്ധ പ്രവര്‍ത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തിരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാഗങ്ങള്‍ കിട്ടിയത്. ഈ പ്രദേശത്തു തന്നെ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ഉരുള്‍പൊട്ടലില്‍ മൃതദേഹങ്ങള്‍ ഈ പ്രദേശത്ത് ഒഴുകിയെത്താനുള്ള സാധ്യത കൂടുതലാണ്. ദുരന്തബാധിത പ്രദേശങ്ങളില്‍ ജനകീയ തെരച്ചിലാണ് തുടരുന്നത്. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് ജനകീയ തിരച്ചില്‍ നടത്തിയത്. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയാണ് തിരച്ചിലിന്റെ ഭാഗമായി.
അതേസമയം, പ്രകൃതി ദുരന്തം സംഭവിച്ച മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് മേപ്പാടി ഗവ. ഹൈസ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മൗണ്ട് താബോര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നാളെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ ഭരണ കൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകള്‍, ഐടി മിഷന്‍, അക്ഷയ എന്നിവയെ ഏകോപിപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദുരന്തത്തില്‍ രേഖകള്‍ നടഷ്ടപ്പെട്ടവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.