മന്ത്രം അഞ്ചും ആറും
തം ഹോവാചാ യഥാ സോമ്യ, മഹതോƒഭ്യാഹിതസ്യ
ഏകമംഗാരം ഖദ്യോതമാത്രം പരിശിഷ്ടം തം
തൃണൈരുപ സമാധായ പ്രാജ്വലയേത് തേന
തതോ ƒപി ബഹുദഹേത്
ഏവം സോമ്യ. തേഷോഡശാനാം കലാനാമേകാ
കലാതിശിഷ്ടാഭൂത്, സാന്നേനോപസമാഹിതാ
പ്രാജ്വാലീത്, തയൈര്‍ഹി വേദാനനുഭവസി. അന്നമയം
ഹിസോമ്യമന: ആപോമയപ്രാണസ്തേജോമയീ വാഹിതി
തദ്ധാസ്യ വിജ്ജത്യവിതി, വിജ്ജ്ഞാവിതി
സാരം:’ഉദ്ദാലകന്‍ ശ്വേതകേതുവിനോട് പറഞ്ഞു ‘അല്ലയോ സൗമ്യ, എപ്രകാരമാണോ ജ്വലിക്കപ്പെട്ട അഗ്‌നിയുടെ മിന്നാമിനുങ്ങിനോളം മാത്രം വലുപ്പമുള്ള ഒരു തീപ്പൊരിയെക്കൊണ്ട് പുല്ലുകള്‍ കൂട്ടി ജ്വലിപ്പിക്കുകയും ആ അഗ്‌നി കൊണ്ട് അതിലും വലിയ വസ്തുക്കളെ ദഹിപ്പിക്കുകയും ചെയ്യുന്നത്, ഹേ സൗമ്യ, അതുപോലെ നിന്റെ പതിനാലുകലകളില്‍ ഒരു കല മാത്രം അവശേഷിച്ചിരുന്നു. ആ ഒരു കല അന്നത്തെ ആഹരിച്ചു കഴിഞ്ഞപ്പോള്‍ അതിന്റെ ശക്തിയാല്‍ പോഷിപ്പിക്കപ്പെട്ടു. അതുകൊണ്ട് നിനക്ക് വേദങ്ങളെ അറിയാന്‍ കഴിഞ്ഞു. അല്ലയോ സൗമ്യ, ഇതില്‍ നിന്ന് (ഈ ഉദാഹരണത്തില്‍ നിന്ന്) മനസ്സ് അന്നമയമാണെന്നും, പ്രാണന്‍ ജലമയമാണെന്നും വാക്ക് തേജോമയമാണെന്നും നീ അറിഞ്ഞു കഴിഞ്ഞു.’ ഉദ്ദാലകന്റെ ഈ ഉദാഹരണം കേട്ടതോടെ ശ്വേതകേതുവിന്റെ സംശയങ്ങളെല്ലാം നീങ്ങി. അവന് എല്ലാം വേണ്ട പോലെ മനസ്സിലാക്കാന്‍ കഴിഞ്ഞു.
പട്ടിണി കിടക്കുന്നവന്റെ ശരീരം ശോഷിക്കുന്നതോടൊപ്പം മനസ്സും ബുദ്ധിയും ക്ഷയിച്ചുപോകുന്നു. മനസ്സും ബുദ്ധിയും ക്ഷീണിച്ചുകഴിഞ്ഞാല്‍ നമുക്ക് കാര്യങ്ങളെ വേണ്ട രീതിയില്‍ മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും സാധിക്കാതെ വരുന്നു. വിദ്യാര്‍ത്ഥികള്‍ പ്രത്യേകിച്ച് ഈയൊരു സത്യം ഉള്‍ക്കൊണ്ട് തങ്ങളുടെ മനസ്സിനെയും ബുദ്ധിയേയുംതളരാനനുവദിക്കാത്ത വിധം ആവശ്യത്തിന് സമീകൃതാഹാരം കഴിക്കേണ്ടുന്നതിന്റെ ആവശ്യകതയിലേക്കാണ് ഈ ഉപനിഷത് മന്ത്രം വിരല്‍ചൂണ്ടുന്നത്. അല്‍പാഹാരം വിദ്യാര്‍ത്ഥി ലക്ഷണമായി സുഭാഷിതങ്ങളിലൂടെ നമ്മോട് പറയുന്നുണ്ടെങ്കിലും മനസ്സിനും ബുദ്ധിക്കും ക്ഷീണം സംഭവിക്കാത്ത വിധത്തില്‍ ശരീരത്തിന് ആവശ്യമുള്ളത്രയും ആഹാരം കഴിച്ചേ മതിയാകു.’യുക്താഹാര വിഹാരസ്യ, യുക്തചേഷ്ടസ്യ ഭാരത, യുക്തസ്വപ്നാവബോധസ്യ’ എന്ന് ഗീതയില്‍ പറയുന്നു. ഇവിടെ അല്‍പാഹാരമെന്നല്ല, യുക്താഹാരം എന്നാണ് പറഞ്ഞിട്ടുള്ളത്. അവനവന്റെ ശരീരത്തിന് ആവശ്യമുള്ള അളവില്‍ നിയന്ത്രിതമായി ഭക്ഷണം കഴിക്കണം. ആഹാരം കഴിക്കാഞ്ഞാല്‍ ക്ഷീണം കൊണ്ട് ഉറക്കം വരാം. അതുപോലെത്തന്നെ അമിതമായി ഭക്ഷിച്ചാല്‍ അതും നിദ്രക്ക് കാരണമാകും.
ഭക്ഷണത്തിന്റെ ത്രിവൃത്കരണത്തെക്കുറിച്ചുള്ള ആചാര്യന്റെ ഉപദേശം ഈ ഖണ്ഡത്തോടെ അവസാനിക്കുന്നു. ഇങ്ങനെ ഏഴാം ഖണ്ഡം ഉപസംഹരിച്ചു. അടുത്ത ഖണ്ഡത്തില്‍ മറ്റൊരു വിഷയമാണ് ഗുരു പറഞ്ഞു കൊടുക്കുന്നത്. ഇതുവരെ കാരണത്തില്‍ നിന്ന് കാര്യത്തിലേക്ക് എന്ന രീതിയിലായിരുന്നു അവലംബിച്ചതെങ്കില്‍ അടുത്ത ഖണ്ഡം മുതല്‍ കാര്യത്തില്‍ നിന്ന് കാരണത്തിലേക്ക് ശിഷ്യന്റെ ചിന്തയെ നയിക്കുന്ന ഒരു രീതിയാണ് കാണാന്‍ പോകുന്നത്.