പയ്യന്നൂര്‍: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന ശില്‍പ കഞ്ചാവുമായി അറസ്റ്റിലായി. കോട്ടയം കാഞ്ഞിരമറ്റം സ്വദേശിനി കെ.ശില്‍പ(29)യെയാണ് പയ്യന്നൂര്‍ റെയ്ഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ് പെക്ടര്‍ വി സുരേഷും സംഘവും കരിവെള്ളൂരില്‍ വച്ചു പിടികൂടിയത്. വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ശില്‍പ കുടുങ്ങിയത്. കരിവെള്ളൂര്‍ ആണൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ശില്‍പയുടെ മുറിയിലുണ്ടായിരുന്ന അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രവരിയിലാണ് യുവതി തന്റെ പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയ യുവതി കാസര്‍കോട്, മംഗളൂരു തുടങ്ങിയ സ്ഥങ്ങളില്‍ താമസിച്ച ശേഷം നാലുദിവസം മുമ്പാണ് കരിവെള്ളൂര്‍ ആണൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസമാക്കിയത്. താമസസ്ഥലത്ത് ഉണ്ടായിരുന്ന ചീമേനി സ്വദേശിയായ യുവാവ് എക്‌സൈസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു. കഞ്ചാവില്‍ ഏറെയും യുവതി നശിപ്പിച്ചിരുന്നു. എക്‌സൈസ് സംഘം ശില്‍പയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി.