കാസർകോട്: യുവതിയെ ഉപയോഗിച്ചു യുവാക്കളുടെ ശ്രദ്ധ തിരിച്ചു വാഹനം മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനിയായ കാസർകോട് സ്വദേശി അറസ്റ്റിൽ. അഷ്കർ അലിയാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. 7 വാഹന മോഷണക്കേസുകളുൾപ്പെടെ 15 കേസുകളിൽ പ്രതിയാണ് അഷ്‌കർ. വാഹന മോഷണ സംഘത്തിലെ യുവതിയെപ്പറ്റി പൊലീസിനു നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നു സെൻട്രൽ പൊലീസ് അറിയിച്ചു.സംഘത്തിലെ യുവതി ഇരുചക്ര വാഹനങ്ങളിൽ ഒറ്റയ്ക്ക് ഇരിക്കുന്ന യുവാക്കളുടെ സമീപത്തെത്തി ശ്രദ്ധയാകർഷിച്ചു കൂട്ടിക്കൊണ്ടുപോകും. ഈ സമയത്ത് അഷ്കർ അലി ബൈക്ക് മോഷ്ടിക്കുകയും ചെയ്യുന്നതാണു രീതി. മിക്കവാറും യുവാക്കൾ ബൈക്ക് ലോക്ക് ചെയ്യാതെയാണ് യുവതിയുമായി സംസാരിക്കാൻ പോകുന്നത്. ഇത്തരത്തിൽ നിരവധി ബൈക്കുകളാണ് സംഘം മോഷ്ടിച്ചത്. കഴിഞ്ഞ 20 മാസം എംജി റോഡിൽനിന്ന് ഒരു ബൈക്ക് സംഘം കവർന്നിരുന്നു. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പിന്നാലെയാണ് പ്രതിയെ കണ്ടെത്തി അറസ്‌റ്റ് ചെയ്തത്. പ്രതികൾ കവർന്ന വാഹനം കണ്ടെത്തിട്ടില്ല. ഇൻസ്പെക്‌ടർ അനിഷ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്‌തത്.