പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച കേരളത്തിലെത്തും. ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ഡൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂർ വിമാനത്താവളത്തിലെത്തുക. മേപ്പാടിയിലെത്തുന്ന അദ്ദേഹം ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ മേഖലയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചേക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും, വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട മറ്റു ആവശ്യങ്ങളും സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സന്ദർശനത്തിന്റെ കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. വരവിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങളും ആരംഭിച്ച് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ് പി ജി സംഘം ഉടന്‍ വയനാട്ടിലെത്തും. കേരളത്തിലേക്ക് ഒരു സാങ്കേതിക സംഘത്തെ പ്രധാനമന്ത്രി അയക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. അതേസമയം, മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ 224 പേരുടെ മരണം സ്ഥിരീകരിച്ചതായാണ് അവസാനം ലഭിച്ച ഔദ്യോഗിക കണക്ക്. എന്നാൽ, അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത് 414 പേർക്ക് ജീവൻ നഷ്ടമായെന്നാണ്. 154 പേരെ കാണാതായെന്നാണ് കണക്ക്. 88 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.