കാസര്‍കോട് പൊലീസ് പിടികൂടിയത് കോടതിയില്‍ മോഷണം നടത്തുന്നത് ഹരമാക്കിയ വിരുതനെ; അറസ്റ്റിലായത് അങ്കമാലിയില്‍ കവര്‍ച്ചയ്ക്ക് പദ്ധതി തയ്യാറാക്കുന്നതിനിടയില്‍

കാസര്‍കോട്: കാസര്‍കോട് കോടതി സമുച്ചയത്തിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ചക്കു ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍.
കോഴിക്കോട,് തൊട്ടില്‍പ്പാലം, വട്ടിപ്പാറ, നലോണക്കാട്ടില്‍ സനീഷ് ജോര്‍ജ് എന്ന സനലി(44)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു.
പ്രതി നിലവില്‍ കണ്ണൂര്‍, ചൊക്ലി, പെരിങ്ങത്തൂര്‍, പടന്നക്കരയിലാണ് താമസം. ഈ മാസം മൂന്നിന് ആണ് കാസര്‍കോട് ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചാശ്രമം നടന്നത്. പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് കാവല്‍ക്കാരന്‍ ഉണര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെട്ട മോഷ്ടാവ് അവിടെ നിന്നു നായന്മാര്‍മൂല സ്‌കൂളിലെത്തി പൂട്ടു പൊളിച്ചു. അവിടെ നിന്നു 500രൂപ മാത്രമാണ് കിട്ടിയത്. ഒരു വീട്ടുവളപ്പില്‍ കയറി സിറ്റൗട്ടില്‍ വച്ചിരുന്ന മഴക്കോട്ട് മോഷ്ടിച്ചു. അതും ധരിച്ചാണ് ചെങ്കളയിലെ മരമില്ലില്‍ കവര്‍ച്ചയ്ക്ക് എത്തിയത്. മില്ലിലെ ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് മേശവലുപ്പില്‍ സൂക്ഷിച്ചിരുന്ന 1.80 ലക്ഷം രൂപ കൈക്കലാക്കി. അതിനുശേഷം വസ്ത്രങ്ങള്‍ ഊരിമാറ്റി മറ്റൊരു വസ്ത്രം ധരിച്ചാണ് കാസര്‍കോട് നിന്നു സ്ഥലം വിട്ടത്-ജില്ലാ പൊലീസ് മേധാവി പി. ബിജോയ് പറഞ്ഞു.
കാസര്‍കോട്ട് അടക്കം വിവിധ സ്ഥലങ്ങളില്‍ മോഷണക്കേസ് പ്രതിയായ സനീഷ് ജോര്‍ജിന്റെ ഇഷ്ടസ്ഥലമാണ് കോടതികളും പോസ്‌റ്റോഫീസുകളുമാണെന്നു അദ്ദേഹം പറഞ്ഞു.
കാസര്‍കോട്ട് അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സനീഷിനെതിരെ 15 കേസുളുണ്ട്. ഒരു തവണ കോടതിയില്‍ നിന്നു തൊണ്ടിമുതലായ നാലുപവന്‍ കിട്ടിയിരുന്നു. ഇതാണ് കോടതികളില്‍ മോഷണം പതിവാക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നു ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി നാദാവുല്‍ കോടതികളിലും കവര്‍ച്ച നടത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് കോടതിയിലും കവര്‍ച്ചാശ്രമം നടത്തിയിട്ടുണ്ട്. നീലേശ്വരം, മൂന്നാം കുറ്റിയിലെ മദ്യഷോപ്പില്‍ കവര്‍ച്ച നടത്തിയത് സനീഷ് ജോര്‍ജ്ജാണ്. കാസര്‍കോട്ട് മൂന്നിടങ്ങളില്‍ ഒരേ ദിവസം കവര്‍ച്ച നടത്തിയതും എല്ലായിടത്തും ഒരേ രീതിയിലുമായിരുന്നു. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്-ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 15ല്‍ പരം മോഷണകേസുകളില്‍ പ്രതിയാണ് ഇയാളെന്നു കൂട്ടിച്ചേര്‍ത്തു. അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
അന്വേഷണ സംഘത്തില്‍ വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍, എസ്.ഐമാരായ വി. രാമകൃഷ്ണന്‍, വിജയന്‍ മേലത്ത്, ബിജു സി.സി, ഫിംഗര്‍ എക്‌സ്‌പേര്‍ട്ട് പി. നാരായണന്‍, എ.എസ്.ഐ വി.കെ പ്രസാദ്, പൊലീസുകാരായ അബ്ദുല്‍ സലാം, റോജന്‍ പി, രജീഷ് എം.ടി, ഷിനോയ് കെ.സി , വി.വി ശ്യാം ചന്ദ്രന്‍, ഗണേഷ് കുമാര്‍, കെ.പി അജിത്ത് ഹരിപ്രസാദ് എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page