ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നിരുന്നു. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. 1944 മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയില്‍ ജനനം. കൊല്‍ക്കത്തയിലെ ശൈലേന്ദ്ര സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്നും വിദ്യാഭ്യാസം നേടി. പിന്നീട് കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ നിന്ന് ബംഗാളിയില്‍ ബി.എ പാസായി.
1966 ല്‍ സി.പി.എം അംഗമായി പ്രവര്‍ത്തനം തുടങ്ങി. 1968-ല്‍ ഡി.വൈ.എഫ്.ഐ പശ്ചിമബംഗാള്‍ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി. 1971-ല്‍ സിപിഎം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗമായും, തുടര്‍ന്ന് 1982-ല്‍ സംസ്ഥാന സെക്രേട്ടറിയറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1984-ല്‍ പശ്ചിമ കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി. 1985-ല്‍ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും 2000-ല്‍ പോളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്തു. 1977-ല്‍ പശ്ചിമ ബംഗാളില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പ് മന്ത്രിയായി. 1987-ല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫലേഷ്യസ് മന്ത്രിയായി. തുടര്‍ന്ന് 1996-ല്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയായി. 1999-ല്‍ ഉപ മുഖ്യമന്ത്രിയായ ഭട്ടാചാര്യ 2000-ല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി.ഏക മകള്‍ സുചേതന ഭട്ടാചാര്യ.