കാലാവസ്ഥ അനുകൂലമായാല്‍ ഷിരൂരില്‍ തെരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക അറിയിച്ചു. ഡൈവിംഗിന് അനുകൂലമായ സാഹചര്യം നിലവില്‍ ഇല്ല. അടിയൊഴുക്ക് 4 നോട്‌സില്‍ എത്തിയാല്‍ തിരച്ചില്‍ നടത്താമെന്നാണ് കര്‍ണാടക വ്യക്തമാക്കിയത്. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലും പ്രായോഗികമല്ല. ആഴവും ഒഴുക്കുമാണ് പ്രധാന വെല്ലുവിളി. കര്‍ണാടക റവന്യൂമന്ത്രി കൃഷ്ണ ബൈരേ ഗൗഡ വനം മന്ത്രി എ കെ ശശിന്ദ്രനാണ് രേഖാമൂലം മറുപടി നല്‍കിയത്. അതിനിടെ ഇന്നലെ മണ്ണിടിച്ചില്‍ നടന്ന ഷിരൂരില്‍ ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. ഷിരൂരില്‍ നിന്ന് 60 കിലോമീറ്റര്‍ ചുറ്റളവില്‍ ഹൊന്നാവാര കടലില്‍ ഒഴുകിനടക്കുന്ന രീതിയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കാലില്‍ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം. കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനക്ക് ശേഷമേ മൃതദേഹം ആരുടെയെന്ന് സ്ഥിരീകരിക്കാനാകൂ. മൃതദേഹം കണ്ടെത്തിയെങ്കിലും കടലിൽനിന്ന് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജ്ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.








