കാസര്‍കോട്: പാണത്തൂര്‍ കല്ലപ്പള്ളി ഭീരദണ്ഡില്‍ പട്ടിയെ പുലി പിടിച്ചതായി സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു. ചൊവ്വാഴ്ച രാത്രി കല്ലപ്പള്ളി ബീരദണ്ഡ് സ്വദേശി എംഎസ് ഭരതിന്റെ വീട്ടിലെ പട്ടിയെ പുലി പിടിച്ചുകൊണ്ടുപോയിരുന്നു. രാത്രി 8 മണിയോടെ ചങ്ങലയില്‍ കെട്ടിയിട്ട പട്ടിയെ അഴിച്ചുവിട്ടിരുന്നു. കുറച്ചുസമയത്തിന് ശേഷം കുരയ്ക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോള്‍ പട്ടിയെ കാണാനില്ലായിരുന്നു. പുലി പിടിച്ചതാണെന്ന സംശയം വീട്ടുകാര്‍ പ്രകടിപ്പിച്ചു.
വിവരത്തെ തുടര്‍ന്ന് പനത്തടി സെക്ഷന്‍ ഫോറസ്റ്റര്‍ ബി ശേഷപ്പയുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച രാവിലെ സ്ഥലത്തെത്തി. പരിശോധനയില്‍ പുലിയുടേതെന്ന് തോന്നിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തി. പാണത്തൂരിലും പരിസരങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി പുലി സാന്നിധ്യമുണ്ടെന്നാണ് പറയുന്നത്. വനം വകുപ്പും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു. ബി.എഫ്.ഒ മാരായ വിമല്‍രാജ്, വിഷ്ണു കൃഷ്ണന്‍, മഞ്ജുഷ, വാച്ചര്‍ സുമേഷ് എന്നിവരാണ് ക്യാമറ സ്ഥാപിച്ചത്.