കാസര്‍കോട്: കാസര്‍കോട് കവര്‍ച്ചക്കാരുടെ വിളയാട്ടം തുടരുന്നു. ചെങ്കള നാലാംമൈലില്‍ മരം മില്ലിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് 2,85,000 രൂപ കവര്‍ച്ച ചെയ്തു. നാലാംമൈലില്‍ പ്രവര്‍ത്തിക്കുന്ന ന്യൂവെസ്റ്റേണ്‍, സോമില്ലില്‍ ആണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്. അബ്ദുല്‍ ഹമീദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് മില്ല്. ഓഫീസ് മുറിക്കകത്ത് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയതെന്ന് അബ്ദുല്‍ ഹമീദ് പരാതിപ്പെട്ടു. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. അന്വേഷണമാരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി ജില്ലാ കോടതി സമുച്ചയത്തില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച ആള്‍ തന്നെയായിരിക്കും മരമില്ലില്‍ നിന്നു പണം കവര്‍ന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
