കണ്ണൂര്‍: പയ്യന്നൂരില്‍ രണ്ടു പേരില്‍ നിന്നു 40 ലക്ഷം രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം കൈക്കലാക്കി. രാമന്തളി, കുന്നരു, ശ്രീദീപത്തില്‍ എം. ശ്രീഷ്മയുടെ 6,12,146 രൂപയും കൊക്കാനിശ്ശേരി, കുപ്പാടത്ത് കുഞ്ഞപ്പന്റെ 34 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. ഇരു സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആസ്‌ത്രേലിയയിലെ ഹാര്‍വേനോര്‍മല്‍ എന്ന ഓണ്‍ലൈന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ പ്രീതിയെന്ന സ്ത്രീ ശ്രീഷ്മയില്‍ നിന്നു പണം കൈക്കലാക്കിയത്. ജുലൈ 12 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലായി വിവിധ അക്കൗണ്ടിലേയ്ക്കാണ് പണം അയച്ചതെന്നു ശ്രീഷ്മ നല്‍കിയ പരാതിയില്‍ പറഞ്ഞു. എച്ച്.ഡി.എഫ്.സി. വി.ഐ.പി എന്ന ആപ്പിലൂടെ ബന്ധപ്പെട്ട അജ്ഞാതനാണ് കുഞ്ഞപ്പന്റെ പണം തട്ടിയത്. ജുലൈ ആറു മുതല്‍ 24വരെയുള്ള ദിവസങ്ങളിലാണ് കുഞ്ഞപ്പനില്‍ നിന്നു പണം തട്ടിയതെന്നു പരാതിയില്‍ പറഞ്ഞു.
