കണ്ണൂര്‍: മണല്‍ കടത്ത് തടയാന്‍ പോയ എസ്.ഐ.യെ ടിപ്പര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാപ്പിനിശ്ശേരി, കത്തിച്ചാല്‍, പുതിയപുരയില്‍ മുഹമ്മദ് ജാസിഫി(38)നെയാണ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ് അറസ്റ്റു ചെയ്തത്.
ജുലൈ 25ന് പുലര്‍ച്ചെ നാലു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പാറക്കല്‍ ഭാഗത്ത് മണല്‍ വാരലും കടത്തലും വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് എത്തിയ എസ്.ഐ ടി.എന്‍ വിപിനെയും എസ്.പി.ഒ കിരണിനെയും വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മണല്‍ കടത്തുകാരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ എസ്.ഐ.യും പൊലീസുകാരനും സ്‌കൂട്ടറിലാണ് സ്ഥലത്തെത്തിയത്. എന്നാല്‍ പൊലീസാണെന്നു തിരിച്ചറിഞ്ഞ മണല്‍ കടത്തുകാര്‍ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. കേസിലെ മറ്റു ഏതാനും പ്രതികളെ കഴിഞ്ഞദിവസങ്ങളില്‍ അറസ്റ്റു ചെയ്തിരുന്നു.