തിരുവനന്തപുരം: തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്നാണ് സംശയിക്കുന്നത്. അതിനിടെ സമാന രോഗലക്ഷണങ്ങളോടെ ആറുപേർ ആശുപത്രിയിൽ ഉണ്ട്. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശി അഖിലാണ് മരണപ്പെട്ടത്. ലക്ഷണങ്ങളോടെ എത്തിയ ആളുകളുടെ സാമ്പിൾ തിങ്കളാഴ്ച പരിശോധനയ്ക്ക് അയക്കും. ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. ചികിത്സയിൽ ഉള്ള ഒരു യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്. കഠിനമായ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ജൂലായ് 21-ന് അഖിലിനെ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ അഖിലിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമാന രോഗലക്ഷണങ്ങളുമായി ആറുപേർ കൂടി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.കുളത്തിലെ സാമ്പിളെടുത്ത് പരിശോധനയ്ക്കയച്ചു. ദിനംപ്രതി ഈ കുളത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാൽപതിലധികം പേര്‍ കുളിക്കാനെത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നു.