ധാക്ക: പ്രധാനമന്ത്രി ഷേക്ക് ഹസീന രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ഞായറാഴ്ച ബംഗ്ലാദേശിൽ വ്യാപകമായി നടന്ന പ്രതിഷേധപ്രകടനങ്ങൾക്കു നേരേയുണ്ടായ ഏറ്റുമുട്ടലിൽ 91 പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. ക്ഷുഭിതരായ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും സ്റ്റൺ ഗ്രനേഡും പ്രയോഗിച്ചു. പ്രധാനമന്ത്രി ഹസീനയുടെ അനുയായികളും സർക്കാർ വിരുദ്ധ പ്രക്ഷോഭകരും തമ്മിൽ വ്യാപകമായി ഏറ്റുമുട്ടി. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക, വടക്കൻ ജില്ലകളായ ബോഗ്ര , പബ്ന, രംഗ്പൂർ, പടിഞ്ഞാറൻ ബംഗ്ലാ ദേശിലെ മഗുര, കിഴക്കൻ ബംഗ്ലാദേശിലെ കോമില , തെക്കൻ മേഖലയിലെ ബാരിസൽ,ഫെനി എന്നിവിടങ്ങളിൽ നിന്നാണ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അക്രമം വ്യാപകമായതിനെത്തുടർന്നു വൈകിട്ട് ആറുമണി മുതൽ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യു പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രാലയമാണു നിശാനിയമം പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ മാസമാരംഭിച്ച പ്രതിഷേധത്തിനിടയിൽ ഇത്തരമൊരു നടപടി ഇതാദ്യമായാണ്. അതേ സമയം പ്രക്ഷോഭം ആസൂത്രിത അട്ടിമറിശ്രമമാണെന്നു പ്രധാനമന്ത്രി ഷേക് ഹസീന പ്രതികരിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് ഇന്ത്യക്കാർ ബംഗ്ലാദേശിലേക്ക് പോകരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു.