ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെക്ക് ഹസീന രാജിവച്ചു; രാജ്യം വിട്ടതായി സൂചന

 

ധാക്ക: ബഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജിവച്ചു. സഹോദരിക്കൊപ്പം രാജ്യം വിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ടു ചെയ്തു. ഇന്ത്യയില്‍ അഭയം തേടിയതായി സൂചനയുണ്ട്. ബംഗ്ലാദേശ് സര്‍ക്കാര്‍ അടുത്തിടെ ആവിഷ്‌കരിച്ച തൊഴില്‍ നയത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ രണ്ടുമാസത്തോളമായി പ്രക്ഷോഭം തുടരുകയായിരുന്നു. ഞായറാഴ്ച ഇത് രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ഷേക്ക് ഹസീനയുടെ പാര്‍ടി ഉള്‍പ്പെടെ ഭരണമുന്നണിയും പ്രതിപക്ഷ പാര്‍ടികളും തമ്മില്‍ വ്യാപകമായി അക്രമവും ഏറ്റുമുട്ടലും ഉണ്ടാവുകയും ചെയ്തു. അക്രമങ്ങളില്‍ 300 ല്‍ പരം പേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. സൈനീക വിഭാഗങ്ങള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. മരണ സംഖ്യ ഉയര്‍ന്നതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ഇളകി മറിഞ്ഞ് വീണ്ടും തെരുവിലിറങ്ങിയതോടെയാണ് സ്ഥിതിഗതികള്‍ അനിയന്ത്രിതമാവുകയും തുടര്‍ന്ന് രാജിക്കും രാജ്യം വിടാനും പ്രധാനമന്ത്രി ഹസീന നിര്‍ബന്ധിതയായത്. ഇന്നലത്തെ ആക്രമണങ്ങള്‍ നിരവധി പൊലീസുകാരും മരിച്ചിരുന്നു. ബംഗ്ലാദേശില്‍ അനിശ്ചിതകാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ജനങ്ങള്‍ അതും ലംഘിച്ചു. സാമൂഹ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിരോധിച്ചിട്ടുണ്ട്. പ്രക്ഷോഭകാരികള്‍ ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറിയതിനെ തുടര്‍ന്നായിരുന്നു നാടകീയ സംഭവവികാസങ്ങള്‍.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ബി.എസ്എഫ് അതീവ ജാഗ്രതയില്‍, ഹസീനയുടെ ഔദ്യോഗീക വസതി കലാപകാരികള്‍ പിടിച്ചെടുത്തു, ഇടക്കാല മന്ത്രിസഭ രൂപീകരിക്കുമെന്ന് പട്ടാളമേധാവി

ബംഗ്ലാദേശില്‍ ഉടലെടുത്ത സംഘര്‍ഷത്തിന്റെയും കലാപത്തിന്റെയും പശ്ചാത്തലത്തില്‍ അതിര്‍ത്തി രക്ഷാ സേന അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവ ജാഗ്രത ആരംഭിച്ചു. അതേസമയം പ്രധാന മന്ത്രി ഹസീനയുടെ ഔദ്യോഗീക വസതി കലാപകാരികള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇടക്കാല മന്ത്രിസഭ രൂപീകരിക്കാന്‍ പട്ടാളമേധാവി യോഗം വിളിച്ചിട്ടുണ്ട്.

20 വര്‍ഷമായി ബംഗ്ലാദേശ് പ്രധാനമന്ത്രിയാണ് ഷേക്ക് ഹസീന. 1996 ജൂണില്‍ പ്രധാനമന്ത്രിയായ ഇവര്‍ 2001 വരെയും പിന്നീട് 2009 ജനുവരി മുതല്‍ 2024 ഓഗസ്റ്റ് അഞ്ചുവരെയും പ്രധാനമന്ത്രിയായിരുന്നു. ബംഗ്ലാദേശിന്റെ സ്ഥാപകനും ആദ്യ പ്രസിഡന്റുമായ ഷേക്ക് മുജീബ് റഹ്‌മാന്റെ മകളാണ് ഹസീന. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വനിതാ നേതാവ് ഇവരാണ്.

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page