കാസര്‍കോട്: പയ്യന്നൂരിലെ ‘വിറയനും’, കാഞ്ഞങ്ങാട്ടെ ‘മുടിയനും’ ഉള്‍പ്പെടെയുള്ള കുപ്രസിദ്ധ കവര്‍ച്ചക്കാരെല്ലാം ജയിലിനു പുറത്ത്. വരും ദിവസങ്ങളില്‍ ജില്ലയില്‍ വ്യാപകമായ കവര്‍ച്ചക്കു സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിച്ചു. പയ്യന്നൂര്‍ സ്വദേശിയായ ‘വിറയന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ആള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കവര്‍ച്ചാകേസുകളില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കാഞ്ഞങ്ങാട്ടെ ‘മുടിയന്‍’ എന്ന പേരില്‍ കുപ്രസിദ്ധനായ ആളും നിരവധി കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ ഏതാനും ദിവസം മുമ്പാണ് ജയിലില്‍ നിന്നു ഇറങ്ങിയതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇരുവരെയും കൂടാതെ മറ്റു നിരവധി കവര്‍ച്ചക്കാരും അടുത്തിടെ പുറത്തിറങ്ങിയതായും ജില്ലയില്‍ ചെറുതും വലുതുമായ കവര്‍ച്ചകള്‍ക്കു സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കുന്നു.
സമീപ ദിവസങ്ങളില്‍ കവര്‍ച്ചകള്‍ വ്യാപകമായ സാഹചര്യത്തില്‍ ജില്ലയില്‍ പൊലീസ് രണ്ടു സ്‌ക്വാഡുകള്‍ക്കു രൂപം നല്‍കി. കാസര്‍കോട്, കാഞ്ഞങ്ങാട് ഡിവൈ എസ് പി മാരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് രൂപീകരിച്ചത്. രാത്രി കാലങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കാനും തീരുമാനമുണ്ട്.