ബെയ്‌റൂട്ട്: ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പൗരന്മാരോട് എത്രയും വേഗം ലെബനന്‍ വിടാന്‍ യുഎസും യുകെയും നിര്‍ദേശം നല്‍കി. ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ലെബനന്‍ വിടാനാണ് നിര്‍ദേശം. ചില വിമാന ക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെങ്കിലും വിമാനങ്ങള്‍ ഇപ്പോഴും ലഭ്യമാണെന്നും പൗരന്മാര്‍ ലഭ്യമായ ഏത് വിമാനവും ബുക്ക് ചെയ്യണമെന്നും ലെബനനിലെ യുഎസ് എംബസി അറിയിച്ചു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ലെബനന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ള ഇറാന്റെ പിന്തുണയോടെ ശക്തമായ തിരിച്ചടി ഇസ്രയേലിന് നല്‍കുമെന്നാണ് നയതന്ത്ര വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
ഈ ആക്രമണത്തിന്റെ ഇസ്രയേലിന്റെ മറുപടി ആക്രമണവും ശക്തമാവുമെന്നാണ് ഉയരുന്ന ആശങ്ക. ഇസ്മായില്‍ ഹനിയ്യയെ കൊലപ്പെടുത്തിയതിന് കനത്ത തിരിച്ചടി ഉറപ്പെന്ന് ഇറാന്‍ വിശദമാക്കിയിരുന്നു. മേഖലയില്‍ അമേരിക്ക കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്.
സംഘര്‍ഷ സാധ്യത രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയും പൗരന്മാരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ലെബനനിലെ ഫ്രഞ്ച് പൗരന്മാരോട് രാജ്യം വിടാന്‍ ഫ്രാന്‍സ് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലെബനനിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ ഫ്രഞ്ച് പൗരന്മാരെ ഉപദേശിച്ചതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. ഇസ്രായേലിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് കാനഡയും മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. അതിനിടെ വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള നിരവധി റോക്കറ്റുകള്‍ ഞായറാഴ്ച പുലര്‍ച്ചെ അയച്ചതായി വിവരമുണ്ട്.