rescue-mission-arjun-shirur-landslide-ishwar-malpe
ബംഗളൂരു∙ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നു പുനരാരംഭിക്കും. ലോറി ഉണ്ടെന്നു കരുതുന്ന ഗംഗാവലി നദിയുടെ അടിയിലായിലായിരിക്കും പരിശോധന നടത്തുക. തിരച്ചിൽ പുനരാരംഭിക്കുന്ന കാര്യം എം.കെ. രാഘവൻ എംപി സ്ഥിരീകരിച്ചു. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയും സംഘവും ഇന്ന് വീണ്ടും പുഴയിലിറങ്ങി തിരച്ചില്‍ നടത്തുമെന്നാണു വിവരം. ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞിരുന്നു. തിരച്ചിൽ എന്നു പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നും ജലനിരപ്പ് കുറഞ്ഞതിനാൽ ഇന്ന് സ്വമേധയാ തിരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വർ മൽപെ അറിയിച്ചതായും ജിതിൻ പറഞ്ഞിരുന്നു. ജില്ലാ കലക്ടർ, സ്ഥലം എംഎൽഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എം.കെ. രാഘവൻ എംപി കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുകയും തിരച്ചിൽ പുനരാരംഭിക്കുന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തത്. ട്രക്ക് മണ്ണിലുണ്ടെന്ന് കരുതുന്ന പോയന്റിലാകും തിരച്ചിൽ. കനത്ത മഴയും കാലാവസ്ഥയും കാരണം അർജുനായുള്ള തിരച്ചിൽ നിർത്തിവച്ചിരുന്നു. 14 ദിവസത്തോളം തിരച്ചിൽ നടത്തിയിട്ടും അർജുനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം മുതൽ ഷിരൂർ ദേശീയ പാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ട് ഗതാഗതം ആരംഭിച്ചിരുന്നു. ജൂലായ് 16-ന് രാവിലെയാണ് ഉത്തര കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് അർജുനെ കാണാതായത്. അർജുനായുള്ള തിരച്ചിൽ ഒമ്പതാം ദിവസം എത്തിയപ്പോഴാണ് ട്രക്ക് പുഴയിലുള്ള മൺകൂനയിലുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ കനത്ത അടിയൊഴുക്ക് കാരണം രക്ഷാസംഘത്തിന് പുഴയ്ക്കടിയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല.








