കാസര്‍കോട്: നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു വീണു. കാര്‍ യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ചെര്‍ക്കള ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം രണ്ടുമണിക്കൂര്‍ തടസപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ ചെര്‍ക്കള ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ ചെര്‍ക്കള കെ.കെ പുറത്ത് നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ആശുപത്രിയുടെ മുന്‍വശത്താണ് അപകടം. ബോവിക്കാനം ഭാഗത്ത് നിന്നും ചെര്‍ക്കള ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ഇതോടെ കാനത്തൂര്‍ ഫീഡറിന്റെ എച്ച്.ടി ലൈന്‍ അടക്കം
കടന്നുപോകുന്ന തൂണ്‍ വൈദ്യുതി പ്രവഹിക്കുന്ന ലൈനുകളോടുകൂടി റോഡിലേക്കു വീഴുകയും ചെയ്തു. ഈ സമയം അതുവഴിവന്ന ബോവിക്കാനത്തെ ഓട്ടോഡ്രൈവര്‍ അഷ്റഫ് മുന്നി വിവരം അറിച്ചതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാറിന് മുകളിലാണ് വൈദ്യുതി പ്രവഹിക്കുന്ന ലൈനുകള്‍ പൊട്ടിവീണത്. അപകട വിവരമറിഞ്ഞ് ചെര്‍ക്കള സെക്ഷന്‍ ഓഫിസിലെ ജീവനക്കാരെത്തി ഗതാഗതം പുന:സ്ഥാപിച്ചു.