ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം

ഒരു സത്യം ബോധ്യപ്പെടുത്താന്‍ ഏറ്റവും നല്ല ഉദാഹരണമാണ് ശ്വേതകേതുവിനോട് പിതാവ് പറഞ്ഞു കൊടുക്കുന്നത്. പതിനഞ്ചു ദിവസം ഭക്ഷണമൊന്നും കഴിക്കാത്തതിനാല്‍ ശ്വേതകേതുവിന്റെ മനസ്സ് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായി. എന്നാല്‍ ജ്വലിക്കുന്ന തീയില്‍ ഒരു തീപ്പൊരി പോലെ പതിനാറു കലകളില്‍ ഒരു കല അവശേഷിക്കുന്നുമുണ്ട്. വെള്ളം ആവശ്യത്തിന് കുടിച്ചതിനാല്‍ പ്രാണധര്‍മ്മങ്ങളൊക്കെ നിറവേറുന്നുണ്ടുതാനും. പഞ്ചജ്ഞാനേന്ദ്രീയങ്ങളും, പഞ്ചകര്‍മ്മേന്ദ്രിയങ്ങളും ചേര്‍ന്നതാണല്ലോ, പറയപ്പെട്ട പതിനാറു കലകള്‍. അതില്‍ ഒരു കല മാത്രം ബാക്കി വന്നിട്ടുണ്ട്. ബാക്കി കാര്യങ്ങളൊക്കെ ആഹാരം കഴിച്ച് വന്നതിന് ശേഷം പറയാം എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പുത്രനെ പറഞ്ഞയക്കുന്നു.
മന്ത്രം നാല്: സഹാശാഥ ഹൈനമുപസസാദ, തം
ഹയത് കിഞ്ച പ പ്രച്ഛ സര്‍വ്വം ഹ പ്രതിപേദേ
സാരം: ഭക്ഷണം കഴിച്ച ശേഷം ശ്വേതകേതു പിതാവിനെ സമീപിച്ചു. അപ്പോള്‍ അവനോട് എന്തെല്ലാം ചോദ്യങ്ങള്‍ ചോദിച്ചുവോ അതിനെല്ലാം വ്യക്തമായി അവന്‍ ഉത്തരങ്ങള്‍ നല്‍കി.
ആഹാരം ദഹിക്കുന്നതോടെ അവന്റെ എല്ലാ ഇന്ദ്രീയങ്ങളും പ്രവര്‍ത്തനക്ഷമമായി. അതോടൊപ്പം അവന്റെ അന്ത:കരണങ്ങളും പൂര്‍ണ്ണമായും സജ്ജമായി. ഓര്‍ത്തെടുക്കാനും ആലോചിക്കാനുമുള്ള ശക്തി കൈവന്നതോടെ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായി ഉത്തരം നല്‍കാന്‍ അവന് സാധിച്ചു. നാം കഴിക്കുന്ന ആഹാരം ശാരീരിക വളര്‍ച്ചക്ക് മാത്രമല്ല, ബുദ്ധിപരവും മാനസികവുമായ എല്ലാ വ്യാപാരങ്ങള്‍ക്കും കാരണമാകുമെന്ന സത്യം ഉള്‍ക്കൊണ്ട് കൊണ്ട് നമ്മുടെ ആഹാരശീലങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ഉദാഹരണം വിരല്‍ ചൂണ്ടുന്നത്.
(തുടരും)

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page