കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു വെള്ളിയാഴ്ച ഉച്ചവരെ മരിച്ചവരുടെ എണ്ണം 205ആയി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 93 പുരുഷന്മാരും 84 സ്ത്രീകളുമാണ്. 28 കുട്ടികളുമുണ്ട്.
ഇതില്‍ 140 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 133 ശരീര ഭാഗങ്ങള്‍ തിരച്ചില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. 195 മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു. 133ശരീര ഭാഗങ്ങളും പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടുണ്ട്. 56 മൃതദേഹങ്ങള്‍ ജില്ലാ ഭരണ കൂടത്തിനു കൈമാറി. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നു 21 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. 87 ശരീര ഭാഗങ്ങളും കൈമാറിയിട്ടുണ്ട്. 116 മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്കു കൈമാറി.
ദുരന്ത ബാധിത സ്ഥലങ്ങളില്‍ നിന്ന് 264 പേരെ ആശുപത്രിയിലെത്തിച്ചു. ഇതില്‍ 86 പേര്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 176 പേരെ ആശുപത്രികളില്‍ നിന്നു വിട്ടയച്ചു. ഇവര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പൊതു ശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും. ഇതിനു കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊട്ടര്‍നാട്, എടവക, മുള്ളന്‍ കൊല്ലി എന്നിവിടങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
ചാലിയാറില്‍ ബോട്ട് ഉപയോഗിച്ച് സ്‌കൂബാ ടീമും സന്നദ്ധ സംഘടനകളും തിരച്ചില്‍ തുടരുന്നുണ്ട്.
ഇന്ത്യന്‍ നേവി ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഏരിയല്‍ നിരീക്ഷണവും നടത്തുന്നു.
അതിനിടെ തൃക്കരിപ്പേട്ട, വെള്ളാര്‍മല, കോട്ടപ്പടി വില്ലേജുകളും മേപ്പാടി ഗ്രാമപഞ്ചായത്തും ദുരന്ത ബാധിത പ്രദേശങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരണം 300 കടന്നതായി അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. 206 പേരെ കണ്ടെത്താനുണ്ടെന്നും സൂചനയുണ്ട്.