കാസര്‍കോട്: 19-ാം വയസ്സില്‍ കന്നിക്കവര്‍ച്ച നടത്തിയ മോഷ്ടാവ് പിറ്റേന്നാള്‍ അറസ്റ്റിലായി. ഇച്ചിലങ്കോട്, പച്ചമ്പളയിലെ മുര്‍ഷിദി(19)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി വിനോദ് കുമാറും എസ്.ഐ കെ. ശ്രീജേഷും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച രാത്രിയിലാണ് പച്ചമ്പളയിലെ അബ്ദുല്‍ മജീദിന്റെ വീട്ടില്‍ നിന്നു 29,700 രൂപ മോഷണം പോയത്. ഇരുനില വീടിന്റെ രണ്ടാം നിലയില്‍ ടെറസിലേക്കുള്ള വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. മുകള്‍ നിലയിലെ അലമാര തുറന്ന് പണം കൈക്കലാക്കി രക്ഷപ്പെടുകയും ചെയ്തു. ഈ സമയത്ത് വീട്ടുകാര്‍ താഴത്തെ നിലയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. രാവിലെ ഉണര്‍ന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇക്കൂട്ടത്തില്‍ മുര്‍ഷിദും ഉണ്ടായിരുന്നു. പൊലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യം ചെയ്യലിലാണ് കവര്‍ച്ച നടത്തിയത് താനാണെന്നു മുര്‍ഷിദ് സമ്മതിച്ചതെന്നു പൊലീസ് പറഞ്ഞു. ആദ്യമായാണ് മുര്‍ഷിദ് കവര്‍ച്ച നടത്തിയതെന്നു കൂട്ടിച്ചേര്‍ത്തു.