പയ്യന്നൂര്‍: എസ്.ഐ.യെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയ രണ്ടു പേര്‍ അറസ്റ്റില്‍. വളപട്ടണം, നണിയൂര്‍, നമ്പ്രത്തെ എം. മൊയ്തീന്‍ കുട്ടി (38), കമ്പില്‍ മൈതാനപ്പള്ളിയിലെ മുഹമ്മദ് സിനാന്‍ (24) എന്നിവരെയാണ് വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷും സംഘവും അറസ്റ്റു ചെയ്തത്.
ജുലൈ 25ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പാറക്കല്‍ ഭാഗത്ത് മണല്‍ കടത്ത് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് എസ്.ഐ ടി.എന്‍ വിപിനും സിവില്‍ പൊലീസ് ഓഫീസര്‍ കിരണും സ്‌കൂട്ടറില്‍ എത്തിയത്. മണല്‍ കയറ്റിയ ലോറി പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഇടിച്ചു തെറുപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു മണല്‍ കടത്തുകാര്‍. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസെത്തിയാണ് എസ്.ഐ.യേയും പൊലീസുകാരനെയും ആശുപത്രിയില്‍ എത്തിച്ചത്.
അക്രമി സംഘത്തില്‍പെട്ടവര്‍ക്ക് തളിപ്പറമ്പിലെ വീട്ടിലാണ് ഒളിത്താവളമൊരുക്കിയതെന്നു പൊലീസ് പറഞ്ഞു.
