മലപ്പുറം : ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെ മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ മന്ത്രിയുടെ വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേ ഉൾപ്പെടെ എടുക്കാൻ ഡോക്ടർമാർ നിർദേശം നൽകി. കൂടെയുള്ളവരും ആശുപത്രിയിൽ ചികിത്സ തേടി. ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടിയിലേക്ക് പോകുകയായിരുന്നു മന്ത്രി. സ്കൂട്ടർ യാത്രികരായ കാവനൂർ സ്വദേശി ഇബ്രാഹീം, പത്മജ എന്നിവർക്കും പരിക്കേറ്റു. ഇവരെയും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.