കാസര്‍കോട്: കുമ്പള പഞ്ചായത്ത് ഫണ്ടില്‍ നിന്നു തട്ടിപ്പാക്കിയ ലക്ഷക്കണക്കിനു രൂപയില്‍ 9 ലക്ഷം രൂപ രണ്ടു തവണയായി തിരിച്ചടച്ചു. രണ്ടു ലക്ഷം രൂപ നാളെ വീണ്ടും പഞ്ചായത്ത് ഫണ്ടിലേക്കു തിരിച്ചടക്കാന്‍ നീക്കമുണ്ടെന്നറിയുന്നു. ആ തുക കൂടി അക്കൗണ്ടില്‍ എത്തിയാലുടനെ പത്ര സമ്മേളനം വിളിച്ചു കൂട്ടി പഞ്ചായത്തു ഫണ്ടില്‍ നിന്നു പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കാക്കുന്നതില്‍ വന്ന പിശകാണ് അതു സംബന്ധിച്ച സംശയത്തിനിടയാക്കിയതെന്നും പറയാന്‍ കാത്തിരിക്കുകയാണ് ഭരണകക്ഷിയും പഞ്ചായത്തു ഭാരവാഹികളുമെന്നു സംസാരമുണ്ട്. ജുലൈ 23നാണ് കാരവല്‍ മീഡിയ ഇതു സംബന്ധിച്ചു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 24 ബുധനാഴ്ച വൈകിട്ട് പഞ്ചായത്ത് ഫണ്ട് തിരിമറിയെക്കുറിച്ചു പഞ്ചായത്ത് പ്രസിഡന്റും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും മെമ്പര്‍ യൂസഫ് ഉളുവാറും പത്രസമ്മേളനം നടത്തി. കുമ്പള പ്രസ് ഫോറത്തില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ 11 ലക്ഷം രൂപയാണ് അടിച്ചു മാറ്റിയിട്ടുള്ളതെന്ന് അവര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ച ഇക്കാര്യത്തില്‍ നടന്ന അടിയന്തര പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ അഞ്ചു ലക്ഷം രൂപയാണ് അടിച്ചു മാറ്റിയിട്ടുള്ളതെന്നു പഞ്ചായത്തു പ്രസിഡന്റ് പറഞ്ഞു. ഒരു ദിവസം കൊണ്ടു ലക്ഷങ്ങളുടെ വ്യത്യാസം എങ്ങനെ വന്നുവെന്ന് പ്രതിപക്ഷം യോഗത്തില്‍ എടുത്തുകാട്ടിയെങ്കിലും വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.
എന്നാല്‍ അടിയന്തര പഞ്ചായത്ത് ഭരണസമിതി യോഗം ചേരുന്നതിനു മുമ്പു അടിച്ചു മാറ്റിയ തുകയില്‍ അഞ്ചു ലക്ഷം രൂപ പഞ്ചായത്ത് അക്കൗണ്ടിലേക്കു തിരിച്ചടച്ചിരുന്നു. വെള്ളിയാഴ്ച നാലു ലക്ഷം രൂപയും പഞ്ചായത്ത് അക്കൗണ്ടിലേക്കു തിരിച്ചടച്ചു. ആരാണ് പണം തിരിച്ചടച്ചതെന്ന് വിജിലന്‍സ് അന്വേഷണത്തിലേ കണ്ടെത്താനാവൂ. എവിടെ നിന്ന് എപ്പോഴാണ് പണമടച്ചതെന്ന് ആ അന്വേഷണത്തിലൂടെ കണ്ടെത്താനാവൂ. തട്ടിപ്പില്‍ അവശേഷിച്ച രണ്ടു ലക്ഷം രൂപ നാളെ തിരിച്ചടക്കാനിരിക്കുകയാണെന്നു ലീഗു നേതൃത്വവുമായി അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരുടെയും സിപിഎം- എസ് ഡി പി ഐ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് പഞ്ചായത്ത് ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്നു പഞ്ചായത്ത് പ്രസിഡന്റ് വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനോടാവശ്യപ്പെട്ടത്. അന്വേഷണം ലഘൂകരിക്കാനും അന്വേഷണത്തിനു മുമ്പു പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജി ഒഴിവാക്കാനുമാണ് തിരക്കിട്ട് പണം തിരിച്ചടച്ചതെന്നു സംശയിക്കുന്നു. മാത്രമല്ല, വിജിലന്‍സ് അന്വേഷണം വന്നാല്‍ മറ്റു പല തരികിടകളും പുറത്താവുമെന്ന ആശങ്കയും ഭരണ നേതൃത്വത്തിനും പാര്‍ട്ടി നേതൃത്വത്തിനുമുണ്ടെന്നും സംസാരമുണ്ട്.