തിരണ്ടു കല്യാണം

വടക്കന്‍ കേരളത്തില്‍ നായര്‍, കണിയാന്‍, തീയര്‍, നമ്പൂതിരി തുടങ്ങിയ സമുദായങ്ങള്‍ക്കിടയിലാണ് ഈ ചടങ്ങുള്ളത്. പെണ്‍കുട്ടികള്‍ ഋതുമതി ആവുമ്പോള്‍ ആഘോഷപൂര്‍വ്വം നടത്തുന്ന ചടങ്ങാണിത്. ബന്ധുജനങ്ങളെ ക്ഷണിച്ച് സദ്യ ഒരുക്കും. പെണ്‍കുട്ടിയുടെ ദേഹം മുഴുവന്‍ മഞ്ഞള്‍ തേച്ചുപിടിപ്പിക്കും. ദിവസങ്ങളോളം പെണ്‍കുട്ടി വീടിന് പുറത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ മറയില്‍ കഴിയണം. തുടര്‍ന്ന് അവള്‍ ഉപയോഗിച്ച വസ്ത്രവും പാത്രങ്ങളും കഴുകി, മഞ്ഞള്‍ ദേഹം മുഴുക്കെ പുരട്ടി കുളിപ്പിക്കും. തുടര്‍ന്ന് പാട്ടും മേളവുമൊക്കെയായി വീടിനകത്തേക്ക് പ്രവേശിപ്പിക്കും. പെണ്‍കുട്ടി വിവാഹിതയാവാനുള്ള പ്രായ പൂര്‍ത്തിയായി എന്നറിയിക്കുവാനുള്ള ചടങ്ങായിട്ടാണ് തിരണ്ടു കല്യാണച്ചടങ്ങ് നടത്തുന്നത്.
മെന്‍സസിനെ പല പദങ്ങള്‍ ഉപയോഗിച്ച് സൂചിപ്പിക്കാറുണ്ട്. പുറത്താവല്‍, തീണ്ടാരിയാവല്‍, പീരീഡാവല്‍ എന്നൊക്കെ. മെന്‍സസായാല്‍ വീട്ടില്‍ പ്രവേശിക്കാന്‍ പാടില്ല. ഒരാഴ്ചക്കാലം വീടിന് പുറത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ ഷെഡില്‍ കഴിയണം. ഭക്ഷണം അവിടെ എത്തിച്ചു കൊടുക്കും. ഏഴ് ദിവസം കഴിഞ്ഞാല്‍ അവര്‍ ഉപയോഗിച്ച വസ്ത്രക്കെട്ടുകളുമായി പൊതു കുളത്തിലോ തോട്ടിലോ ചെന്ന് അലക്കിക്കുളിച്ച് വരണം. എന്റെ വീടിനടുത്ത് കുണ്ടത്തില്‍ തറവാട്ടില്‍ കുറത്തിത്തെയും കെട്ടിയാടിക്കാറുണ്ട്. ആ വീട്ടിലെ പെണ്ണുങ്ങള്‍ വളരെ ശ്രദ്ധയോടെ ശുദ്ധി പാലിക്കണം. മാസമുറയായ സ്ത്രീകള്‍ക്ക് കിടക്കാന്‍ വീട്ടിനു പുറത്ത് സ്ഥിരമായി ഒരുഷെഡ് പണിതിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു ശേഷം ഇക്കാര്യം മനസ്സിലാവാന്‍ തുടങ്ങിയപ്പോഴാണ് എന്റെ വീട്ടിലെ സ്ത്രീകള്‍ എന്തുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യുന്നില്ല എന്നാലോചിച്ചത്. എന്റെ വീടിന്റെ നാലുവശവും തീയ്യ, വാണിയ സമുദായത്തില്‍ പെട്ടവരാണ് താമസിച്ചിരുന്നത്. ആ വീടുകളിലെ സ്ത്രീകളെല്ലാം ഈ പ്രക്രിയയിലൂടെ കടന്നുപോവാറുണ്ട്. മാസത്തില്‍ ഒരാഴ്ചയോളം ഉമ്മ നിസ്‌ക്കരിക്കാറില്ല, നോമ്പ് കാലത്തും കുറച്ചു ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കാറില്ല. ഇതെന്ത് കൊണ്ടാണെന്ന് അന്വേഷിച്ചപ്പോഴാണ് ‘മാസമുറ’ ആയതിനാലാണ് എന്ന് തിരിച്ചറിഞ്ഞത്. എന്റെ കുട്ടിക്കാലത്ത് കുളിമുറിയും കക്കൂസും ഒന്നുമില്ല. മലവിസര്‍ജ്ജനത്തിനു പോകുന്നതിന് ‘വെളിക്കിരിക്കാന്‍’ എന്നാണ് പറയുക. തുറസ്സായ സ്ഥലത്ത് പോയിരുന്നു കാര്യം സാധിക്കും. കുളിമുറിക്കു പകരം കിണറ്റിന്‍കരയിലാണ് കുളി. അതും പരസ്യമായിട്ടു തന്നെ. എന്റെ തറവാട്ടു വീട്ടില്‍ സ്ത്രീകള്‍ക്ക് കുളിക്കാന്‍ കല്ല് കൊണ്ട് രണ്ടാള്‍ ഉയരത്തില്‍ ‘മറ’ കെട്ടിയിട്ടുണ്ടായിരുന്നു. ചിലപ്പോള്‍ ഞാനും അതില്‍ പോയി കുളിക്കാറുണ്ട്. മറയുടെ കല്ലിന്‍ മുകളില്‍ തുണിക്കഷണങ്ങള്‍ ഉണങ്ങാനിട്ടത് കാണാം. അത് മെന്‍സസായ പെണ്ണുങ്ങള്‍ ഉപയോഗിച്ചതാണെന്ന് പിന്നീട് മനസ്സിലായി. എന്റെ വീട്ടിലെ ഉമ്മയും പെങ്ങന്‍മാരും മറ്റുള്ള വീടുകളിലെ സ്ത്രീകള്‍ അനുഷ്ഠിക്കുന്നതുപോലുള്ള ചിട്ടകളൊന്നും നടത്താറില്ല. എന്താണ് മാസമുറ എന്ന വസ്തുതയൊക്കെ പഠിച്ചത് വിവാഹിതനായതിന് ശേഷമാണ്. മുസ്ലിം സ്ത്രീകള്‍ക്ക് മാസമുറയായാല്‍ നിസ്‌ക്കരിക്കാനും നോമ്പു നോക്കാനും പാടില്ല എന്ന ചിട്ട മാത്രമേയുള്ളു. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ മെന്‍സസിനെ കുറിച്ചൊക്കെ ക്ലാസ് എടുക്കുമ്പോള്‍ കുട്ടികള്‍ക്ക് അക്കാര്യം വിശദീകരിച്ചു കൊടുത്തിട്ടുണ്ട്. ഗര്‍ഭ പാത്രത്തില്‍ നിന്ന് ഗര്‍ഭിണിയാവാതിരിക്കുന്ന സമയത്ത് പുറത്ത് പോകുന്ന രക്തമാണതെന്നും; അതിന് അശുദ്ധികല്‍പിക്കേണ്ട കാര്യമില്ലെന്നും ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്.

ആധുനിക സമൂഹത്തില്‍ ജീവിക്കുന്ന സ്ത്രീകള്‍ ഇത്തരം ചിട്ടവട്ടങ്ങളെ നിരാകരിച്ചിരിക്കുകയാണ്. ഇതിന്റെ ശാസ്ത്രീയവശം മനസ്സിലാക്കിയിട്ടാണ് പഴയ രീതിയില്‍ നിന്നുള്ള പിന്മാറ്റം വന്നു കൊണ്ടിരിക്കുന്നത്. മാസമുറ ഉണ്ടായാല്‍ ശാരീരിക അസ്വസ്ഥതകളും മറ്റും ഉണ്ടാവുന്നത് കൊണ്ട് ഗൃഹജോലികളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള ഒരു വഴിയായിട്ട് കണ്ടതിനാലാണ് ഒരാഴ്ച വീടിന് പുറത്ത് കഴിച്ചു കൂട്ടുന്നത് എന്നൊരു വ്യാഖ്യാനവും ഉണ്ട്. മാസമുറയെന്നോ, മെന്‍സസ് ആയി എന്നോ പറയാന്‍ ഇക്കാലത്തെ പെണ്‍കുട്ടികള്‍ക്ക് ധൈര്യമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു മെന്‍സ്ട്രല്‍ കപ്പും പാഡും ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ടല്ലോ?

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page