കാസര്‍കോട്: ഭാര്യയെയും മക്കളെയും സ്‌കൂള്‍ അവധിക്ക് ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് ഉളിയത്തടുക്കയിലെ ട്രാവല്‍ ഏജന്റിനെ ഏല്‍പിച്ച പാസ്‌പോര്‍ട്ട്, ഖത്തര്‍ ഐഡി, താമസസ്ഥലത്തിന്റെ അഡ്രസ്, വൈദ്യുതി ബില്‍, എന്നിവ ഉപയോഗിച്ച് വ്യാജ വിസയുണ്ടാക്കി മറ്റൊരാളെ ഖത്തറിലേക്ക് അയച്ചതായി പരാതി. നീര്‍ച്ചാല്‍ കന്യാപ്പാടിയിലെ മുഹമ്മദിന്റെ മകന്‍ ഫിറോസ് അലി അഹമ്മദിന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്നുവര്‍ഷമായി ദോഹയില്‍ ജോലിചെയ്യുകയാണ് ഫിറോസ് അഹമ്മദ്. മാതാവും ഭാര്യയും മക്കളും കഴിഞ്ഞ സ്‌കൂള്‍ അവധിക്കാലത്ത് സന്ദര്‍ശന വിസയില്‍ ഖത്തറിലെത്തിയിരുന്നു. ഇവരുടെ വിസിറ്റിങ് വിസക്ക് ഫിറോസ് അലി അഹമ്മദിന്റെ വിസയും ഖത്തര്‍ ഐഡിയും മറ്റു രേഖകളും ഉളിയത്തടുക്കയിലെ ട്രാവല്‍ ഏജന്‍സിയെ ഏല്‍പ്പിക്കുകയായിരുന്നു. ട്രാവല്‍ ഏജന്‍സി ഇവര്‍ക്ക് വിസിറ്റിങ് വിസ തരപ്പെടുത്തി കൊടുത്തു. അത് ഉപയോഗിച്ചു ഖത്തറിലെത്തിയ ഇവര്‍ രണ്ടുമാസം താമസിച്ചു മടങ്ങുകയും ചെയ്തു. ഇവര്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങിയ ഫിറോസ് അലി അഹമ്മദ് തിരിച്ച് ഖത്തറിലെത്തി. അതിനുശേഷം 16.06.2024 ന് തന്റെ ഐഡിയും മറ്റു രേഖകളും ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ വിസിറ്റിങ് വിസയുമായി കുടാല്‍മെര്‍ക്കള സുബ്ബയ്യക്കട്ടയിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അസീസും ഖത്തറിലെത്തി. ഉളിയത്തടുക്കയിലെ എയര്‍വേ ട്രാവലുടമ ഫിറോസ്, കുമ്പള ഫ്‌ളൈ പോസ്റ്റ് ട്രാവല്‍സ് ആന്റ് ടൂര്‍സ് പ്രൊപ്രൈറ്റര്‍, വ്യാജ വിസിറ്റിങ് വിസ നേടിയ സുബ്ബയ്യകട്ടയിലെ അബ്ദുല്‍ അസീസ് എന്നിവര്‍ക്കെതിരെയാണ് പരാതി. വിസിറ്റിങ് വിസയില്‍ ഖത്തറിലെത്തിയ അബ്ദുല്‍ അസീസിന് പ്രവാസി സംഘടന പിടികൂടിയതോടെയാണ് വിസാ തട്ടിപ്പ് വെളിപ്പെട്ടത്. തന്റെ പേരില്‍ ഒരു വ്യാജ വിസിറ്റിങ് വിസയുമായി ഒരാള്‍ എത്തിയിട്ടുണ്ടെന്ന് ഫിറോസ് അലി അഹമ്മദിനെ ഇവര്‍ അറിയിച്ചു. സ്ഥലത്തെത്തിയ ഫിറോസ് അലി അഹമ്മദ്, അബ്ദുല്‍ അസീസിനെ ഉടന്‍ നാട്ടിലേക്ക് തിരിച്ചയച്ചു. വ്യാജ വിസിറ്റിങ് വിസയില്‍ ഖത്തറിലെത്തുന്നവര്‍ ഏതെങ്കിലും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കേസില്‍ കുടുങ്ങുന്നതും ശിക്ഷ അനുഭവിക്കേണ്ടിവരുന്നതും സ്‌പോണ്‍സറായ താന്‍ ആയിരിക്കുമെന്നും അതിന് വ്യാജ വിസിറ്റിങ് വിസ ഏര്‍പ്പെടുത്തിയ ഉളിയത്തടുക്ക, കുമ്പള ട്രാവല്‍ ഉടമകള്‍ക്കും വിസ ഉപയോഗിച്ച് ഖത്തറിലെത്തിയ ആള്‍ക്കുമെതിരെ മാതൃകാപരമായ നടപടിയെടുക്കണെന്ന് ഫിറോസ് അലി അഹമ്മദ് പൊലീസിനോട് അഭ്യര്‍ഥിച്ചു.