വയനാട്: കാറില്‍ കടത്തുകയായിരുന്ന 204 ഗ്രാം മെത്താംഫിറ്റമിന്‍ എക്സൈസ് സംഘം പിടിച്ചു.
മയക്കുമരുന്നു ഒളിപ്പിച്ചു കടത്തുകയായിരുന്ന കാറും അതിനുള്ളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചു യുവാക്കളെയും പിടികൂടി. വൈത്തിരി, കല്‍പ്പറ്റ മേഖലകളില്‍ ചില്ലറ വില്‍പ്പനക്കു ബാംഗ്ലൂരില്‍ നിന്നു കൊണ്ടു വന്നതാണിതെന്ന് എക്സൈസ് സംഘം പറഞ്ഞു. വൈത്തിരി, ചുണ്ടേല്‍, കാപ്പുംകുത്തി കടലിക്കാട്ടെ ഫൈസല്‍ റാസി കെ.എം (32), വൈത്തിരി മുട്ടില്‍ പരിയാരം പുതുക്കണ്ടി വീട്ടില്‍ മുഹമ്മദ് അസനുല്‍ ഷാദുലി(23), വൈത്തിരി കോട്ടപ്പടി പുത്തൂര്‍വയല്‍ അഞ്ഞിലിവീട്ടില്‍ സോബിന്‍ കുര്യാക്കോസ് (23), എറണാകുളം കോതമംഗലം വെട്ടിലപ്പാറ പള്ളത്തുപാറ മുഹമ്മദ് ബാവ പി.എം (22), മലപ്പുറം നിലമ്പൂര്‍ മണിമൂലി വാരിക്കുന്നു സെല്‍ബിന്‍ ഷാജി ജോസഫ് (21) എന്നിവരാണ് അറസ്റ്റിലായത്. നിലമ്പൂര്‍, കോതമംഗലം സ്വദേശികള്‍ ബാംഗ്ലൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ്. ഒരു ഗ്രാം മെത്താംഫിറ്റമിന് 4000 രൂപ വിലയുള്ളതായി എക്‌സൈസ് സംഘം അറിയിച്ചു. ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനക്കിടയിലാണ് ഇവര്‍ പിടിയിലായത്.