കാസര്‍കോട്: പഴയകാല കൃഷി രീതികളും കൃഷികളുമൊക്കെ മാറുമ്പോള്‍ പഴയകാല കൃഷിയുടെ ആകെയുള്ള അവശേഷിപ്പായ തെങ്ങുകളും നോക്കിയിരിക്കെ തലയറ്റ രീതിയിലാവുന്നു.
കൂമ്പു ചീയലിനെക്കുറിച്ചും മണ്ഡരിയെക്കുറിച്ചും കാറ്റു വീഴ്ചയെക്കുറിച്ചുമൊക്കെ പരിതപിച്ചുകൊണ്ടിരിക്കുന്ന തെങ്ങുകര്‍ഷകര്‍ക്കു തെങ്ങിന്റെ മണ്ട തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് പരാതിയില്‍ നിന്നുള്ള ആശ്വാസമാകുന്നുണ്ടെങ്കിലും ഭാവി പ്രതിസന്ധി രൂക്ഷമാക്കുന്നു.
മൊഗ്രാല്‍പുത്തൂര്‍ ദേശീയപാതയ്ക്കരുകില്‍ പുഴയോരത്തുള്ള നിരവധി തെങ്ങുകളുടെ തലയറ്റുപോയിരിക്കുന്നു. മൊഗ്രാല്‍ പടിഞ്ഞാര്‍ ഭാഗത്തെ തെങ്ങുകള്‍ ഓല പഴുത്ത് അടുത്തിടെ നശിച്ചിരുന്നു. ബദിയഡുക്ക, എന്‍മകജെ, പുത്തിഗെ, കുമ്പള തുടങ്ങിയ ഭാഗങ്ങളിലും സമാന സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെങ്ങു സംരക്ഷണത്തിനു കേന്ദ്രസര്‍ക്കാര്‍ സ്ഥാപിച്ച സി.പി.സി.ആര്‍.ഐ പരിസരത്തു തന്നെ തെങ്ങു പൂര്‍ണ്ണമായി നശിച്ചുകൊണ്ടിരിക്കുന്നതു വിചിത്രമായിട്ടുണ്ടെന്നു നാളികേര കര്‍ഷകര്‍ നെടുവീര്‍പ്പിടുന്നു.