ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ മനോജ് സോണി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനാണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നത് എന്നാണ് വിശദീകരണം. രണ്ടാഴ്ച മുന്‍പ് മനോജ് സോണി രാജിക്കത്ത് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മേലധികാരികള്‍ രാജി അംഗീകരിച്ചിട്ടില്ല. പുതിയ ചെയര്‍മാനെ ഇത് വരെയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. പ്രൊബേഷന്‍ പീരിഡിലുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ വിഷയത്തിന് പിന്നാലെയാണ് രാജി.
നിലവില്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിലല്ല രാജിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 2017-ല്‍ ആണ് സോണി യു.പി.എസ്.സി അംഗമായി ചുമതലയേല്‍ക്കുന്നത്. 2023 മേയ് 16നാണ് അദ്ദേഹം യു പി എസ് സി ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2029 മെയ് 15 വരെയായിരുന്നു കാലാവധി. യുപിഎസ്സി അംഗമായി നിയമിക്കപ്പെടുന്നതിന് മുന്‍പ് മനോജ് സോണി, മൂന്ന് തവണ വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005 ഏപ്രിലില്‍ ബറോഡയിലെ മഹാരാജ സയാജിറാവു സര്‍വകലാശാലയില്‍ (എം.എസ്.യു) വിസി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാന്‍സലറായിരുന്നു.







