കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന കണ്ണൂര്‍ ജില്ലയില്‍ വന്‍ ദുരന്തം ഒഴിവായത് ഭാഗ്യത്തിന്. മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ നിന്നു മദ്രസ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.
കണ്ണൂര്‍ അഞ്ചരക്കണ്ടിയിലാണ് അപകടം. വ്യാഴാഴ്ച രാവിലെ 8.15ന് മദ്രസാ വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്നതിനിടയില്‍ അഞ്ചരക്കണ്ടി ജുമാമസ്ജിദിന്റെ മതില്‍ തകര്‍ന്നു റോഡിലേക്ക് വീഴുകയായിരുന്നു. മതിലിടിഞ്ഞു വീഴുന്നതു കണ്ട് തൊട്ടുമുന്നിലെത്തിയ പെണ്‍കുട്ടി റോഡിന്റെ മറുഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് ഏതെങ്കിലും വാഹനം ഇതുവഴി എത്തിയിരുന്നുവെങ്കില്‍ വലിയ ദുരന്തത്തിനു ഇടയാക്കിയേനെയെന്നു സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. മറ്റു രണ്ടു വിദ്യാര്‍ത്ഥിനികള്‍ പിന്നോട്ട് ഓടിയതിനാലാണ് അപകടത്തില്‍ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ടത്. റോഡിലേക്ക് വീണ കല്ലും മണ്ണും നീക്കിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം സാധാരണ നിലയിലാക്കിയത്. കാലപ്പഴക്കമാണ് മതില്‍ തകരാന്‍ ഇടയാക്കിയത്.
