കാസര്‍കോട്: മലേഷ്യയിലെ കുലാലമ്പുരില്‍ ഈമാസം നടക്കുന്ന സ്പീഡ് പവര്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ തയ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ കാസര്‍കോട്ടെ താരങ്ങളും. തയ്‌കൊണ്ടോ ഇനങ്ങളായ ക്യുരുഗി, പൂംസാ, ബ്രേക്കിങ്, സ്പീഡ് കിക്ക് എന്നിവയിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അറുപതോളം പേര്‍ അടങ്ങുന്ന ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍ നിന്നും നിവേദ് നാരായണ്‍(ആണൂര്‍), അഞ്ജലി വി നായര്‍(നീലേശ്വരം), കിരണ്‍ എസ് കുമാര്‍(ചെറുവത്തൂര്‍) എന്നീ മൂന്ന് പേരാണ് കേരളത്തില്‍ നിന്ന് യോഗ്യത നേടിയവര്‍. ഇവര്‍ മൂന്നുപേരും ഗ്രാന്‍ഡ് മാസ്റ്റര്‍ അനില്‍ കുമാറിന്റെ കീഴില്‍ ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ്മാസ്റ്റര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി കേരളയുടെ താരങ്ങള്‍ ആണ്. വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിന് കായിക താരങ്ങള്‍ അണിനിരക്കുന്ന ഈ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് വന്‍ മെഡല്‍ പ്രതീക്ഷയുണ്ട് എന്ന് ഇന്ത്യന്‍ ടീം ഇന്‍ചാര്‍ജ് ഗ്രാന്‍ഡ് മാസ്റ്റര്‍
അനില്‍കുമാര്‍ അറിയിച്ചു. നാളെ കേരള ടീം അംഗങ്ങള്‍ കൊച്ചിയില്‍ നിന്നുപുറപ്പെടും.