വാങ്ങിയ കടം തിരിച്ചുകൊടുത്തില്ല; പകരം 35,000 രൂപയ്ക്ക് സഹോദരിയുടെ 11 വയസുളള മകളെ ഭൂവുടമയ്ക്ക് വിറ്റു

 

കടം വാങ്ങിയ പണത്തിനു പകരമായി വിറ്റ ബാലികയെ പൊലീസ് കണ്ടെത്തി. കര്‍ണാടകയിലെ തുംകൂരുവിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. അമ്മയുടെ സഹോദരി സുജാതയാണ് വെറും 35,000 രൂപയ്ക്കു വേണ്ടി പെണ്‍കുട്ടിയെ വിറ്റത്. കുട്ടിയുടെ മാതാവ് ചൗഡമ്മ സഹോദരിയില്‍ നിന്നു കുറച്ചു പണം കടം വാങ്ങിയിരുന്നു. ഇതു മടക്കിക്കൊടുക്കാന്‍ കഴിയാതെവന്നപ്പോള്‍ കുട്ടിയെ സഹോദരി കൊണ്ടുപോകുകയായിരുന്നു. സാമ്പത്തികപ്രശ്നങ്ങള്‍ മനസിലാക്കിയാണു കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോകുന്നതെന്നാണ് മാതാവിനെ അറിയിച്ചത്. സ്‌കൂള്‍ തുറക്കുന്നതോടെ അവിടെനിര്‍ത്തി പഠിപ്പിക്കാമെന്നും സംരക്ഷിക്കാമെന്നും മാതാവിന് ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍, ബാലികയെ ഹിന്ദുപുരയില്‍ കോഴിഫാം നടത്തുന്ന ശ്രീരാമുലു എന്നയാള്‍ക്കു വില്‍ക്കുകയായിരുന്നു. കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തെന്ന് ചൗഡമ്മയെ അറിയിച്ചിരുന്നു. എന്നാല്‍, ഒരുവര്‍ഷമായിട്ടും മകളെ തിരിച്ചെത്തിക്കാത്തതിനാല്‍ ചൗഡമ്മ സഹോദരി താമസിക്കുന്ന ഹിന്ദുപുരത്തെത്തിയപ്പോഴാണ് മകളെ വിറ്റതായി അറിഞ്ഞത്.
തുടര്‍ന്ന്, ചൗഡമ്മ ശ്രീരാമുലുവിനെ ഫോണില്‍ വിളിച്ച് മകളെ വിട്ടുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹോദരിയും ഭര്‍ത്താവും വാങ്ങിച്ച 35,000 രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നു ചൗഡമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സഹോദരി സുജാത (30), ഭര്‍ത്താവ് ശങ്കര്‍ (35), ഭൂവുടമ ശ്രീരാമുലു (40) എന്നിവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 137, 140 എന്നിവ പ്രകാരം കേസെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page