നെയ്‌റോബി: രണ്ടു വര്‍ഷത്തിനുള്ളില്‍ ഭാര്യയെ ഉള്‍പ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കൊലയാളി അറസ്റ്റില്‍. കോളിന്‍സ് ജുമൈസി(33)യാണ് ബാറില്‍ വെച്ച് ടിവിയില്‍ യൂറോകപ്പ് മത്സരം കാണുന്നതിനിടയില്‍ അറസ്റ്റിലായത്. 2022ന് ശേഷം ഇയാള്‍ 42 സ്ത്രീകളെയാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ രണ്ടു സ്ത്രീകളെ കൊലപ്പെടുത്തി നെയ്‌റോബിയിലെ വീട്ടിനു സമീപത്തുള്ള ക്വാറിയില്‍ തള്ളിയതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. യുവതികളെ പല രീതിയിലാണ് കോളിന്‍സ് ജുമൈസി വശീകരിച്ച് തന്റെ താമസസ്ഥലത്ത് എത്തിച്ചിരുന്നത്. മൃഗീയമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വെട്ടിമുറിച്ച് ക്വാറിയില്‍ തള്ളുന്നതാണ് ഇയാളുടെ കുറ്റകൃത്യത്തിന്റെ രീതിയെന്നു പൊലീസ് പറഞ്ഞു. പ്രതിയുടെ വീട്ടില്‍ നിന്നു പത്തു മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും നിരവധി തിരിച്ചറിയല്‍ രേഖകളും സ്ത്രീകളുടെ വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി. മൃതദേഹങ്ങള്‍ വെട്ടിനുറുക്കാന്‍ ഉപയോഗിച്ചതായി സംശയിക്കുന്ന വലിയ കത്തിയും വീട്ടില്‍ നിന്ന് പൊലീസ് കണ്ടെ’ടുത്തു. ഒന്‍പതു മൃതദേഹങ്ങള്‍ ഇയാള്‍ പൊലീസിനു കാണിച്ചു കൊടുത്ത ക്വാറിയില്‍ നിന്നു കണ്ടെടുത്തു. കൊലപാതക പരമ്പരയുടെ കാരണം കണ്ടെത്താന്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ് പൊലീസ്. കാണാതായ സ്ത്രീകളില്‍ ഒരാളുടെ മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സീരിയല്‍ കില്ലര്‍ കോളിന്‍സ് അറസ്റ്റിലായത്.