വിളക്ക് വെളിച്ചം അന്വേഷിക്കട്ടെ!

‘അങ്ങോട്ടപകൃതി ചെയ്തതില്ലെങ്കിലും
ഇങ്ങോട്ടുപദ്രവിച്ചീടുന്നു ദുര്‍ജ്ജനം’
ഇമ്മാതിരി ‘ദുര്‍ജ്ജന’ങ്ങളുടെ സംഘടിതമായ ആക്രമണത്തിന് നമ്മുടെ എം.പി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇരയായോ? വഴിപോക്കര്‍ക്ക് വഴികാട്ടാന്‍ വേണ്ടിയാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനായി എം.പി എന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പണം അനുവദിച്ചത്. ഒന്നും രണ്ടും അല്ല, 236 എണ്ണം. തന്റെ മണ്ഡലത്തില്‍ ആകമാനം ഉണ്ടാകും. അതിന് എം.പിയോട് നന്ദി പറയുന്നതിന് പകരം ആക്ഷേപം വര്‍ഷിക്കുകയാണ്. എതിര്‍ പാര്‍ട്ടിക്കാരാണ് ആരോപണമുന്നയിക്കുന്നതെങ്കില്‍ അത് മനസ്സിലാക്കാം. അവരില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിച്ചുകൂടല്ലോ. എന്നാല്‍ ഇവിടെ വിഷം തുപ്പുന്നത് സ്വന്തം പാര്‍ട്ടിക്കാരാണ്-എതിരാളികള്‍ക്ക് മറുപടി പറയേണ്ടവര്‍; തനിക്ക് ചുറ്റും പ്രതിരോധ വലയം ചമയ്‌ക്കേണ്ടവര്‍.
തങ്ങളുടെ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ എം.പിമാര്‍ക്ക് വലിയൊരു തുക കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. അത് എവിടെ, എങ്ങനെ ചെലവഴിക്കണം എന്ന് എം.പി തീരുമാനിക്കും. എം.പിക്ക് അതിനു പൂര്‍ണ്ണ അധികാരമുണ്ട്. രാജ്യസഭാ മെമ്പര്‍മാരാണെങ്കില്‍ സ്ഥലപരിമിതിയോ, പരിധിയോ നോക്കേണ്ട; സംസ്ഥാനത്തെവിടെയും അവര്‍ക്ക് ഫണ്ട് വിനിയോഗിക്കാവുന്നതാണ്.
നമ്മുടെ എം.പി ഉണ്ണിത്താന്‍ നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡില്‍ ‘വനിത വിശ്രമ കേന്ദ്രം’സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ചത് പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. ഉദ്ഘാടനം ചെയ്തു എന്ന് പറഞ്ഞാല്‍ മുഴുവന്‍ ശരിയല്ല. തുറന്നു കൊടുക്കുന്നതാണല്ലോ ഉദ്ഘാടനം. അന്നേദിവസം തുറന്നിട്ടുണ്ടാവാം. അതിനുശേഷം പൂട്ടില്‍ താക്കോല്‍ സ്പര്‍ശിച്ചിട്ടേയില്ല. പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ ഒന്നും തന്നെ സാധിച്ചിട്ടില്ല. ലക്ഷങ്ങള്‍ പാഴാക്കിയതില്‍ ആര്‍ക്കും പ്രതിഷേധവുമില്ല. പ്രതിഷേധ ബാനര്‍ ഉയര്‍ത്തിയിട്ടേയില്ല; മുദ്രാവാക്യവും.
അതിനുശേഷമാണ് ഇപ്പോള്‍ വിവാദമായ വിളക്കുകള്‍ ഉയര്‍ന്നത്.അതില്‍ അഴിമതിയുണ്ട് എന്ന് ആരോപിച്ചത് സ്വന്തം പാര്‍ട്ടിക്കാര്‍. അതിന്റെ ‘രഹസ്യം’ രഹസ്യമേയല്ല.
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കുന്നതില്‍ എന്തെങ്കിലും ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി ജില്ല കളക്ടറാണ്. ഫണ്ട് യഥാസമയം, യഥാക്രമം വിനിയോഗിച്ചില്ലെങ്കില്‍ അത് ജില്ലാ കളക്ടറുടെ വീഴ്ചയാണ്. കേന്ദ്ര ആഭ്യന്തരസഭ സഹമന്ത്രിയായിരിക്കെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത് ആരും ഓര്‍ക്കുന്നില്ലേ?ഒരു പത്രവാര്‍ത്ത ഉദ്ധരിക്കാം:(മംഗളം 13-9-2012)കേരള എംപിമാര്‍ വികസന ഫണ്ട് വിനിയോഗിക്കുന്നതില്‍ വളരെ പിന്നിലാണ് എന്ന് ആക്ഷേപമുയര്‍ന്നപ്പോഴാണ് മുല്ലപ്പള്ളിയുടെ വിശദീകരണം. ഫണ്ട് വിനിയോഗത്തില്‍ അനാസ്ഥയുണ്ടായി എന്ന ആരോപണം ശരിയാണ്.അവകാശപ്പെട്ട ഫണ്ടിന്റെ 45% മാത്രമാണ് ചെലവഴിച്ചത്. ശതമാനക്കണക്ക് പറയാം:എ സമ്പത്ത് 19.1,എം കെ രാഘവന്‍ 20.99; (പിന്നില്‍ നിന്നും ഒന്നും രണ്ടും സ്ഥാനം) മൂന്നാം സ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ 23.94 ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ചത് ആന്റോ ആന്റണി-76.90. തൊട്ട് പിന്നാലെ എം ബി രാജേഷ് 65.77 (എല്ലാം ശതമാനം). ദേശീയ ശരാശരിയേക്കാള്‍ മോശമാണ് കേരള എംപിമാര്‍ ഇക്കാര്യത്തില്‍.
ഇതിന് ഉത്തരവാദി അതാത് ജില്ലാകളക്ടര്‍മാരാണ്; എം.പിമാരല്ല. കളക്ടര്‍മാരാണ് കാര്യക്ഷമതയോടെ വികസനഫണ്ട് വിനിയോഗിക്കേണ്ടത്.അതില്‍ വീഴ്ചവരുത്തിയാല്‍ ദോഷം ഉണ്ടാകുന്നതും കളക്ടര്‍മാര്‍ക്കാണ്.അവരുടെ ഔദ്യോഗിക പദവിയും സ്ഥാനക്കയറ്റവും നിര്‍ണയിക്കുന്നത് പെര്‍ഫോമന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഫണ്ട് വിനിയോഗത്തില്‍ പൂര്‍ണ ഉത്തരവാദിത്വം കളക്ടര്‍ക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ കാര്യാലയത്തിന് (പി.എം.ഒ)മന്ത്രി മുല്ലപ്പള്ളി കത്തയച്ചിട്ടുണ്ട് എന്നാണ് വാര്‍ത്ത.(പിന്നില്‍ നിന്നും മൂന്നാം സ്ഥാനത്ത് എന്ന് വിമര്‍ശനമുണ്ടായതായിരിക്കണം മന്ത്രിയെ പ്രകോപിതനാക്കിയത്.ഇതായിരിക്കാം പി.എം.ഒവിലേക്ക് കത്തയക്കാനും പത്രക്കാരോട് വിശദീകരണം നല്‍കാനും പ്രേരിപ്പിച്ചത്)
പന്ത്രണ്ട് കൊല്ലം മുമ്പ് (2012ല്‍)നടന്ന കാര്യം. തന്നെ വിമര്‍ശിക്കുന്ന പാര്‍ട്ടിക്കാരെ ഓര്‍മ്മിപ്പിക്കാന്‍ ഉണ്ണിത്താന് ഇത് ചൂണ്ടിക്കാട്ടാം:
കാസര്‍കോട് മണ്ഡലത്തില്‍ വിളക്ക് തെളിയണമെന്ന് ആവശ്യപ്പെട്ടത് ജനാഭിലാഷം മാനിച്ച് എംപി എന്ന നിലയില്‍ താനാണ്. വിളക്ക് തെളിയിക്കേണ്ടത് കളക്ടര്‍. അതിന് വില നിശ്ചയിക്കേണ്ടതും കളക്ടര്‍. എം.പി.യോട് കണക്ക് ചോദിക്കുന്നത് വിവരാവകാശനിയമപ്രകാരം കുറ്റം. പാര്‍ലിമെന്റ് പാസാക്കിയ നിയമം (24.10.2013)
വിളക്ക് വെളിച്ചം അന്വേഷിക്കട്ടെ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page