കാസര്‍കോട്: തീവ്രമഴയെ തടുക്കാന്‍ അശാസ്ത്രിയമായി നിര്‍മ്മിക്കുന്ന ഒരു സംവിധാനത്തിനും കഴിയില്ലെന്ന മുന്നറിയിപ്പാണ് ഇന്നലെ പെയ്ത തോരാമഴയില്‍ നിന്ന് മനസ്സിലാക്കേണ്ടതും, അധികൃതര്‍ കണ്ണു തുറന്നു കാണേണ്ടതും. ജില്ലയിലെ ദേശീയപാതയിലെ സര്‍വീസ് റോഡുകളൊക്കെ പുഴയായി മാറുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. മൊഗ്രാല്‍പുത്തൂരിലെ വെള്ളക്കെട്ട് മണിക്കൂറുകളോളം ഗതാഗത സ്തംഭനത്തിന് വഴിവെ ച്ചു. മൊഗ്രാല്‍പുത്തൂരില്‍ രണ്ടാഴ്ച മുമ്പ് തന്നെ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാല്‍ ഗതാഗതം പുതിയ റോഡിലേക്ക് തിരിച്ചു വിടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പത്രങ്ങളില്‍ വാര്‍ത്തയും വന്നിരുന്നു. അധികൃതര്‍ ഇത് ചെവി കൊള്ളാത്തതിനാലാണ് ഞായറാഴ്ച രാത്രി വൈകുവോളം ഗതാഗതം തടസപ്പെടാന്‍ ഇടയാക്കിയത്. മൊഗ്രാല്‍ ദേശീയപാതയില്‍ സര്‍വീസ് റോഡില്‍ വലിയ തോതിലുള്ള വെള്ളക്കെട്ട് വാഹനഗതാഗതത്തെ ബാധിച്ചു. എങ്ങും സര്‍വീസ് റോഡുകളില്‍ മുട്ടോളം വെള്ളക്കെട്ട് അനുഭവപ്പെട്ടു.
അശാസ്ത്രീയമായി നിര്‍മ്മിച്ച ഓവുചാലുകളൊക്കെ മഴവെള്ളപ്പാച്ചിലില്‍ നോക്കുകുത്തിയായി മാറി. പലയിടത്തും ഓവുചാലുകളുടെ പണി പാതിവഴിയിലുപേക്ഷിച്ചത് ദുരിതത്തിന് കാരണമായി. സര്‍വീസ് റോഡിനരികിലെ നടപ്പാത നിര്‍മ്മാണവും എങ്ങും എത്തിയിട്ടുമില്ല. ഇതുമൂലം സര്‍വീസ് റോഡുകളിലൂടെ നടക്കേണ്ടിവരുന്ന കാല്‍നടയാത്രക്കാരുടെയും സ്‌കൂള്‍, മദ്രസ വിദ്യാര്‍ത്ഥികളും വലിയ ഭീഷണിയാണ് നേരിടുന്നത്.