വര്‍ഷങ്ങള്‍ പിന്നേയും കടന്ന് പോയി. മക്കളൊക്കെ വളര്‍ന്നു. മകളെ വിവാഹം കഴിച്ചയച്ചു.
മൂത്തമകനെ ദുബായില്‍ പുതുതായി പടുത്തുയര്‍ത്തിയ ബിസിനസുകള്‍ ഏല്‍പ്പിച്ചു.
ഭാരങ്ങളും ബാധ്യതകളും കടമകളും നിറവേറ്റിയെന്ന ചാരിതാര്‍ത്ഥ്യത്തോടെ സ്വസ്ഥമായ ഒരു ജീവിതം സ്വപ്നം കണ്ടാണ്, എല്ലാം മകന്റെ കൈകളിലേക്ക് വെച്ചു കൊടുത്ത് ഞാന്‍ നാട്ടിലേക്ക് കുടിയേറി പാര്‍ത്തത്.
അല്‍പം ഉയര്‍ന്ന സാമ്പത്തിക സ്ഥിതി ഉള്ളതുകൊണ്ട് തന്നെ സഹായം അഭ്യര്‍ത്ഥിച്ചും ജോലി അന്വേഷിച്ചും പലരും വീട്ടിലേക്ക് കടന്നു വരാറുണ്ട്. കഴിയും വിധം അവരെയൊക്കെ സഹായിക്കല്‍ എനിക്കും ഒരു ഹരമായിരുന്നു.
അങ്ങനെയിരിക്കെയാണ് നാട്ടിലെ ഒരു പരിചയക്കാരന്റെ മകന്‍ ദുബായില്‍ ഒരു ജോലി അന്വേഷിച്ചു എന്റെ അരികിലേക്ക് വന്നത്. നിരാശയോടെ മടക്കി അയക്കാന്‍ എന്തോ എനിക്ക് തോന്നിയില്ല.
കാരണം അങ്ങനെവരുന്നവരിലൊക്കെ ഞാനെന്റെ പഴയ മുഖം കാണാറുണ്ട്.
ഒരിക്കല്‍ ഒരു ജോലിക്കായി അലഞ്ഞതും കുടുംബത്തിന്റെ ഭാരം പേറിയതും അങ്ങനെ പലതും.
അതൊക്കെ ഇങ്ങനെ ചിത്രങ്ങള്‍ പോലെ മുന്നില്‍ തെളിഞ്ഞു വരുമ്പോ മടക്കി അയക്കാന്‍ എന്റെ മനസ്സ് മടിക്കും.
ഇളയ മകന്‍ ജോലിക്കാര്യത്തിനായി അടുത്ത ആഴ്ച ദുബായിലേക്ക് പോകുന്നുണ്ടെന്നും അവന്റെ കൂടെ താങ്കള്‍ക്ക് പോകാമെന്നും അവിടെ എന്റെ സ്ഥാപനത്തില്‍ തന്നെ ഒരു ജോലി ശരിയാക്കി തരുമെന്നും ഞാന്‍ അവര്‍ക്ക് വാക്കു കൊടുത്തു. അപ്രകാരമാണ് എന്റെ മകനും ജോലി അന്വേഷിച്ചു വന്ന ആ ചെറുക്കനും കൂടെ ഒരുമിച്ച് ദുബായിലേക്ക് യാത്ര തിരിക്കാന്‍ തീരുമാനിച്ചത്.
ദുബായിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളില്‍ മലയാളികള്‍ക്ക് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത ഒരു നാട്ടുനടപ്പാണ് നാട്ടില്‍ നിന്നുമുള്ള പെട്ടി കെട്ടല്‍ പരിപാടി. അതില്‍ ചിലപ്പോള്‍ ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുണ്ടാകും.
ആദ്യമായിട്ട് ദുബായിലേക്ക് പറക്കുന്നവരാണെങ്കില്‍ പിന്നെ പറയേണ്ട. അപ്രകാരമാണ് എന്റെ മകന്റെ കൂടെ യാത്ര തിരിക്കാനുള്ള ആ പയ്യനും എയര്‍പോര്‍ട്ടിലേക്ക് കടന്നുവന്നത്.
ഞാനവനെ നോക്കുമ്പോ കൈയില്‍ വലിയൊരു പെട്ടിയും തോളിലൊരു ബാഗുമുണ്ടായിരുന്നു.
ചെക്കിങ്ങിന് കയറിയ അവന്‍ പെട്ടെന്ന് തിടുക്കം പിടിച്ചു കയ്യില്‍ കുറച്ചു പൊതികളുമായി എന്റെ അടുത്തേക്ക് ഓടിവന്നു.
കൊണ്ടുപോകാനുള്ള ലഗേജിന്റെ ഭാരം അധികമാണെന്നും, ഇത് ദുബായിലെ ഒരാള്‍ക്ക് കൊടുക്കാന്‍ മറ്റൊരാള്‍ തന്നെ ഏല്‍പ്പിച്ചതാണെന്നും പറഞ്ഞ് തള്ളാനോ കൊള്ളാനോ കഴിയാതെ അവന്‍ ദയനീയമായി എന്നെ ഒന്ന് നോക്കി.
അത് കണ്ടപ്പോള്‍ അവന്റെ കയ്യില്‍ നിന്ന് ആ പൊതി വാങ്ങി ഞാന്‍ തന്നെ എന്റെ മകന്റെ ബാഗിലേക്ക് വെച്ച് കൊടുത്തു കൊണ്ട് ആ പ്രശ്‌നത്തിന് പരിഹാരം കണ്ടു.
അതോടെ ദുബായിക്കാരുടെ കെട്ടിന്റെ കഥകളും പറ്റിയ അമളികളും പറഞ്ഞ് ഞങ്ങള്‍ ഒരുപാട് ചിരിച്ചു.
അവരെ സന്തോഷത്തോടെ യാത്രയാക്കിയായിരുന്നു എന്റെ മടക്കം.
പക്ഷേ മണിക്കൂറുകള്‍ക്കു ശേഷം ദുബായില്‍ നിന്നും വന്ന വാര്‍ത്ത എന്നെ ആകപ്പാടെ ഉലച്ചു കളയാന്‍ മാത്രം കെല്‍പ്പുള്ളതായിരുന്നു. ഇന്നുച്ചയ്ക്ക് കോഴിക്കോട് നിന്നും വിമാനം കയറിയ രണ്ടുപേരെ, മയക്കുമരുന്നുമായി ദുബായ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നു.
ഇടിത്തി പോലെയായിരുന്നു ആ വാര്‍ത്ത എന്റെ കാതിലേക്ക് വന്ന് പതിച്ചത്. അത് എന്റെ മകനും കൂടെ പോയ ആ ചെറുക്കനുമായിരുന്നു. കൊണ്ട് പോയ ബാഗിലായിരുന്നത്രെ ലഹരി വസ്തുക്കള്‍ ഉണ്ടായിരുന്നത്.
അപ്പൊ നാട്ടിലെ എയര്‍പോര്‍ട്ടിലെ ചെക്കിങ്ങില്‍ നിന്ന് അവരെങ്ങനെ രക്ഷപ്പെട്ടു. ആരാണ് ചതിച്ചത് എവിടെയാണ് ചതിവ് പറ്റിയത്? ഒന്നുമറിയില്ല.
എന്തുചെയ്യണമെന്നറിയാത്ത ഒരുപാട് മണിക്കൂറുകള്‍ എന്നിലൂടെ കടന്നുപോയി. എങ്ങനെ ഇതിനെ മറികടക്കണമെന്ന് ഒരു രൂപവുമില്ല. ഇതുവരെ താന്‍ അനുഭവിക്കാത്ത ഒരഗ്‌നിപരീക്ഷയിലൂടെയാണ് താനിപ്പോ കടന്നു പോകുന്നതെന്ന് ഉറപ്പായി.
ആരോട് പറയും? ആരുടെ സഹായം അഭ്യര്‍ത്ഥിക്കും?നാട്ടിലായിരുന്നെങ്കില്‍ കുഴപ്പമില്ല പക്ഷെ ഇത് അന്യനാട്ടില്‍.
എങ്ങനെ..
വിളിക്കാവുന്നവരെയും അറിയാവുന്നവരെയും പലരെയും മാറി മാറി വിളിച്ചു നോക്കി.
എല്ലാവര്‍ക്കും ഒരേ ഉത്തരം നിയമപരമായല്ലതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്ന്..
അതിനിടയില്‍ ഒരു സൂര്യാസ്തമയവും കടന്ന് പോയി.അതേ അവസ്ഥ അതേ വേവലാതി
ഇനി മുന്നില്‍ മറ്റൊരു വഴിയുമില്ലെന്നറിഞ്ഞപ്പോള്‍ ഞാന്‍ തന്നെ വിമാനം കയറി.
അത്രയും കാലം അവിടെ നിന്ന പരിചയത്തിന്റെ പേരില്‍ കാണാന്‍ പറ്റുന്ന സകല അധികാരികളെയും കണ്ടു.
കാലു പിടിച്ചു മാപ്പപേക്ഷിച്ചു കേണു. കെണിയാണെന്ന് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. പക്ഷെ ഫലമുണ്ടായില്ല.
ഒന്നിനെയും മറക്കാന്‍ ഇവിടുത്തെ നിയമത്തിനാവില്ലെന്ന് എനിക്ക് പൂര്‍ണ്ണ അറിവുണ്ടെങ്കിലും ചെയ്യാവുന്നതിന്റെ പരമാവധി ഞാന്‍ ചെയ്തു നോക്കി. രക്ഷയില്ലെന്ന് കണ്ടപ്പോള്‍ നിയമപരമായി തന്നെ കാര്യങ്ങള്‍ നീക്കാന്‍ ഞാന്‍ തീരുമാനിച്ചു.
ഒടുവില്‍ നീതിപീഠം ഒരു തീരുമാനത്തിലെത്തി. രണ്ടു പേരില്‍ ഒരാള്‍ കുറ്റമേറ്റാല്‍ മറ്റൊരാള്‍ക്ക് കര്‍ശന നിയമത്തിന്റെ കൂട്ടോടെ നാട്ടിലേക്ക് മടങ്ങാം. മറ്റേയാള്‍ ജയില്‍ ശിക്ഷ അനുഭവിക്കണം. പട്ടിണിപ്പാവമായ ആ ചെറുക്കനെ അവിടെയിട്ട് എന്റെ മകനേയും കൊണ്ട് ഞാന്‍ നാട്ടിലേക്ക് വന്നാല്‍ ഒരു നാട് മുഴുവന്‍ എന്നെ അധിക്ഷേപിക്കുമെന്ന് ഉറപ്പാണ്.
സ്വന്തം മകനെ രക്ഷിക്കാന്‍ ആ ചെറുക്കനെ മുതലാക്കിയെന്ന് നാട്ടുകാര്‍ എന്റെ മുഖത്ത് നോക്കി ഉറക്കെ വിളിച്ചു പറയും.
ആ ചിന്തയിലാണ് സ്വന്തം മകനെ ബലി കൊടുത്ത് ഞാന്‍ മറ്റവനേയും കൊണ്ട് നാട്ടിലേക്ക് മടങ്ങിയത്.
ആ കേസ് വന്നതോടെ അവിടെയുള്ള എന്റെ ബിസിനസിനെ അത് ബാധിക്കാന്‍ തുടങ്ങി.
വ്യവസായ പ്രമുഖന്റെ മകന്‍ ലഹരി മരുന്ന് കേസില്‍ പ്രതിയായതോടെ ഓഫീസുകളിലും ഷോപ്പിംഗ് മാളുകളിലും പൊലീസിന്റെ തിരച്ചില്‍ രൂക്ഷമായി.
സ്വന്തം മകനെ കുരുതി കൊടുത്തെന്ന സൈനബയുടെ ശാപവാക്കുകള്‍ സഹിക്കാന്‍ പറ്റുന്നതായിരുന്നു.
പക്ഷേ നാട്ടുകാരുടെ പറച്ചിലായിരുന്നു എന്നെ ആകെത്തകര്‍ത്തു കളഞ്ഞത്. അപ്രതീക്ഷിതമായ തന്റെ വളര്‍ച്ചയില്‍ മുമ്പേ കണ്ണുകടിയുണ്ടായ പലരും അതോടെ രംഗത്തിറങ്ങി എനിക്ക് നേരെ അപവാദ പ്രചാരണങ്ങള്‍ തുടങ്ങിയിരുന്നു. കുറുക്കുവഴിയിലൂടെയാണ് താന്‍ സമ്പാദിച്ചതെന്നും അതുതന്നെയാണ് എന്റെ ബിസിനസ്സെന്നും ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞു തുടങ്ങി.
അതോടെ നാട്ടിലും വീട്ടിലും ഞാന്‍ പൊലീസിന്റെ നോട്ടപ്പുള്ളിയായി മാറി.
ഞാന്‍ കാരണം കെട്ടിപ്പൊക്കിയ പള്ളികള്‍ ഹറാമിന്റെ വഴിയിലൂടെയാണെന്നും അതുവരെ പൊളിച്ചു പണിയണമെന്നും നാട്ടുകാര്‍ പറഞ്ഞുണ്ടാക്കി. (തുടരും)
