ഉത്രാടദിനത്തില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും; ഈ 3 ദിവസങ്ങളില്‍ കടകള്‍ തുറക്കില്ല

തിരുവനന്തപുരം: തിരുവോണം മുതല്‍ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ റേഷന്‍ കടകള്‍ തുറക്കില്ലെന്ന് സംസ്ഥാന ഭക്ഷ്യ – പൊതുവിതരണ വകുപ്പ്. തിരുവോണ ദിവസമായ ഓഗസ്റ്റ് 29 മുതല്‍ 31 വരെ കടകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് 27 ഞായറാഴ്ചയും ഓഗസ്റ്റ് 28നും (ഉത്രാട ദിനം) റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു. സംസ്ഥാനത്ത് ഇത്തവണ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20,000 പേര്‍ക്കും മാത്രമാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ഇത് സംബന്ധിച്ചുള്ള തീരുമാനത്തിന് നേരത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ ഓണത്തിന് 93 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ 87 ലക്ഷം പേര്‍ക്കും സൗജന്യ കിറ്റ് ലഭിച്ചിരുന്നു. തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും പൊടിയുപ്പും തുടങ്ങി 13 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ നല്‍കുന്നത്. മുന്‍കൂറായി 32 കോടി രൂപയാണ് കിറ്റ് തയ്യാറാക്കുന്നതിനായി സപ്ലൈക്കോയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. അതോടൊപ്പം വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ 19-ാം തീയ്യതി ആരംഭിക്കുകയും ചെയ്തു. ഓണക്കാലത്ത് 200 കോടിയുടെ വില്‍പന ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി 1500 ഓണച്ചന്തകള്‍ തുടങ്ങുമെന്നാണ് കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചിരുന്നത്. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ നോണ്‍ സബ്‌സിഡി സാധനങ്ങള്‍ക്കും പത്ത് മുതല്‍ നാല്‍പത് ശതമാനം വരെ വിലക്കുറവുമുണ്ടാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page