ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതടമുള്ള കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 2612 ഇന്ത്യൻ മത്സ്യതൊഴിലാളികൾ വിവിധ രാജ്യങ്ങളിൽ ജയിലിലായെന്ന് വിദേശകാര്യ വകുപ്പ്.
പാക്കിസ്താനിലാണ് ഏറ്റവും കൂടുതൽ മത്സ്യതൊഴിലാളികൾ തടവിലുള്ളത്. 1060 പേർ പാക്കിസ്താനിലെ ജയിലുകളിലുണ്ട്. ശ്രീലങ്കയിലും സൗദി അറേബ്യയിലും അഞ്ഞൂറിൽപരം പേർ വീതം തടവിലുണ്ട്. ജയിലിലുള്ളവരുടെ മോചനത്തിന് സർക്കാർ ശ്രമം നടത്തുന്നുണ്ടെന്നും ഇതുവരെ 588 പേർ മോചിതർ ആയിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മന്ത്രി വ്യക്തമാക്കി. അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചത്.
ആറ്റിങ്ങൽ സ്വദേശികളായ 5 പേർ ഉൾപ്പെടെ 10 മത്സ്യതൊഴിലാളികൾ കഴിഞ്ഞമാസം ഇറാനിൽ തടവിലായിരുന്നു. ഇവർക്ക് നയതന്ത്ര തലത്തിൽ നിയമസഹായം ലഭ്യമാക്കുന്നതിന് ഇറാൻ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് ഇന്ത്യൻ സ്ഥാനപതി അടൂർ പ്രകാശ് എം.പിയെ അറിയിച്ചിരുന്നു.