വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കല്‍; ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

0
35


കാസര്‍കോട്‌: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം നാലുമുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തോടെ വിദ്യാര്‍ത്ഥികളില്‍ ആശങ്കയുയര്‍ന്നു. കോളേജുകള്‍ക്കു പിന്നാലെ സ്‌കൂളുകളും തുറക്കാനുള്ള ആലോചനയും സജീവമാണ്‌. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ യാത്രാമാര്‍ഗ്ഗത്തെക്കുറിച്ചുള്ള ആശങ്കകളാണ്‌ വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയരുന്നത്‌.
ജില്ലയിലെ ദേശീയ-സംസ്ഥാന പാതകളില്‍ കെ എസ്‌ ആര്‍ ടി സി സര്‍വ്വീസ്‌ നടത്തുന്നുണ്ടെങ്കിലും അവയൊന്നും യാത്രക്കാരുടെ ആവശ്യങ്ങള്‍ക്ക്‌ നിലവില്‍ പര്യാപ്‌തമല്ല. സ്വകാര്യ ബസ്സുകളുടെ സര്‍വ്വീസും പകുതിയായി കുറഞ്ഞിട്ടുണ്ട്‌. കോവിഡിന്റെ പശ്ചാത്തലത്തില്‍ കുറച്ചു കാലം കെ എസ്‌ ആര്‍ ടി സി ടൗണ്‍-ടു ടൗണ്‍, ഫാസ്റ്റ്‌ പാസഞ്ചര്‍ ബസ്സുകള്‍ എല്ലാ സ്റ്റോപ്പുകളിലും നിര്‍ത്തിയിരുന്നത്‌ യാത്രക്കാര്‍ക്ക്‌ ആശ്വാസമായിരുന്നു. എന്നാല്‍ പൊതു ഇടങ്ങളില്‍ ജനം സജീവമായതോടെ നിശ്ചിത സ്റ്റോപ്പുകളില്‍ മാത്രമാണ്‌ ഇപ്പോള്‍ അത്തരം ബസ്സുകള്‍ നിറുത്തുന്നത്‌. ഇത്‌ വിദ്യാര്‍ത്ഥികളെ മാത്രമല്ല മറ്റു യാത്രക്കാരെയും പ്രതികൂലമായി ബാധിക്കും. വൈകിയെത്തുന്ന ബസ്സുകളിലാണെങ്കില്‍ തിക്കും തിരക്കും അനുഭവപ്പെടുന്നു. സ്വകാര്യ ബസുകളിലെ കണ്‍സക്ഷന്‍ ബസ്‌ ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കു ഇടയാക്കാനുള്ള സാധ്യതയേറേയാണ്‌. കെ എസ്‌ ആര്‍ ടി സിയിലാണെങ്കില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാപാസ്‌ സംബന്ധിച്ച്‌ തീരുമാനം പോലുമായിട്ടില്ല. കെ എസ്‌ ആര്‍ ടി സി സര്‍വ്വീസില്ലാത്ത പാതകളിലെ സ്വകാര്യ ബസ്സുകളില്‍ ഭൂരിഭാഗവും ഓട്ടം നിര്‍ത്തിയത്‌ വിദ്യാര്‍ത്ഥികളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ്‌ ഉണ്ടാക്കുന്നത്‌. യാത്രക്കായി ട്രെയിനിനെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആശ്വസിക്കാന്‍ വകയൊന്നുമില്ല. പാസഞ്ചര്‍ ട്രെയിനുകള്‍ ആവശ്യത്തിനില്ലാത്തതും മറ്റു ട്രെയിനുകളില്‍ സൗജന്യ നിരക്കില്ലാത്തതും വിദ്യാര്‍ത്ഥികള്‍ക്ക്‌ വിനയാകുന്നു. സൗജന്യ നിരക്കില്ലാതായതോടെ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ചുരുങ്ങിയത്‌ 150 രൂപ റിസര്‍വേഷന്‍ ടിക്കറ്റിനായി ദിവസേന ചെലവഴിക്കേണ്ട അവസ്ഥയാണുള്ളത്‌. കണ്ണൂര്‍-മംഗ്‌ളൂരു സെഷനില്‍ അഞ്ചു പാസഞ്ചര്‍ വണ്ടികള്‍ ഓടിയിരുന്നിടത്ത്‌ ഇപ്പോള്‍ ഒരു വണ്ടിമാത്രമാണ്‌ അണ്‍ റിസര്‍വ്‌ഡ്‌ എക്‌സ്‌പ്രസായി ഓടുന്നത്‌. കണ്ണൂര്‍ ഷൊര്‍ണ്ണൂര്‍ സെക്ഷനില്‍ ഇരുപതോളം പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിയിരുന്നിടത്ത്‌ ഒരു മെമു മാത്രമാണ്‌ ഇപ്പോള്‍ സര്‍വ്വീസ്‌ നടത്തുന്നത്‌.
കോളേജുകള്‍ തുറക്കുന്നതിനു മുമ്പേ, വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നം പരിഹക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY